വിഴിഞ്ഞം പദ്ധതി: കമ്പനിയുണ്ടാക്കുന്ന ബാധ്യത കൂടി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുമോയെന്ന് കമ്മീഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ മുടക്കിയ ഭീമമായ തുകക്ക് പുറമെ കമ്പനിക്കാര്‍ വരുത്തിവെക്കുന്ന ബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടി വരുമോ എന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പണയപ്പെടുത്താന്‍ അദാനി ഗ്രൂപ്പിന് അനുവാദം നല്‍കുന്ന കരാര്‍ വ്യവസ്ഥകള്‍ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. വ്യവസ്ഥകള്‍ക്കു രൂപം നല്‍കുമ്പോള്‍ സര്‍ക്കാര്‍ ഇത്രത്തോളം നിക്ഷേപ സൗഹൃദമാകണമായിരുന്നോ എന്നും കമ്മിഷന്‍ ചോദിച്ചു.

എന്നാല്‍ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് കമ്പനി പ്രതിനിധികള്‍.

കരാറില്‍ ക്രമക്കേടുകള്‍ ഉണ്ടോ എന്ന് കണ്ടെത്താനുള്ള ജുഡീഷ്യല്‍ കമ്മിഷന്റെ നിര്‍ണായക സിറ്റിങ് പിന്നിടുമ്പോള്‍ അഴിമതി ആരോപിച്ച് കക്ഷി ചേര്‍ന്ന മൂന്നു പേര്‍ ഹാജരാകാതിരുന്നത് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കോടികളുടെ അഴിമതി ആരോപിച്ച സി.ആര്‍.നീലകണ്ഠന്‍, ജോണ്‍ ജോസഫ്, സലീം എന്നിവര്‍ ഹാജരായിരുന്നില്ല. ആരെയും വിളിച്ചു വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വേണ്ടത്ര സമയം ഹര്‍ജിക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.

അടുത്ത മാസം 14, 15 തിയതികളില്‍ തിരുവനന്തപുരത്താണ് തെളിവെടുപ്പ്. 14ന് പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്ന കമ്മിഷന്‍ 15ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ പരാതിക്കാരുടെ വാദങ്ങള്‍ കേള്‍ക്കും.

Top