വാളയാര്‍ കേസില്‍ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തില്‍ ഈ മാസം 28ന് വിധി

പാലക്കാട്: വാളയാര്‍ കേസില്‍ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തില്‍ പാലക്കാട് പോക്‌സോ കോടതി സെപ്തംബര്‍ 28ന് വിധി പറയും. സിബിഐയുടെ വാദത്തെ പ്രതികളായ വലിയ മധു, ഷിബു എന്നിവര്‍ എതിര്‍ത്തു. കേസിലെ മൂന്നാം പ്രതി കുട്ടി മധുവിന്റെ വാദം നാളെ കേള്‍ക്കും.

അതേ സമയം, വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ലെന്ന ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈന്‍ റിപ്പോര്‍ട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും ഒരുപോലെ അവഗണിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം. മക്കളെ നഷ്ടപ്പെട്ട് കൊല്ലം ആറ് കഴിയുമ്പോഴും നീതിക്കുള്ള പോരാട്ടം തുടരുകയാണ് കുടുംബം.

2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.

Top