Judges appointment: Prepare procedure, Supreme Court to centre

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത വേണം. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് വേണം മാര്‍ഗരേഖ തയാറാക്കേണ്ടതെന്നും ജസ്റ്റിസ് ജെ.എസ് കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

ഉന്നത കോടതികളില്‍ നിയമിക്കുന്ന ജഡ്ജിമാരുടെ പ്രായപരിധി, സേവന പരിചയം, സീനിയോറിറ്റി എന്നിവയില്‍ നിലപാട് വ്യക്തമാക്കണം. ജഡ്ജി നിയമനത്തിലെ അഴിമതിയും രാഷ്ട്രീയ ഇടപെടലും അടക്കമുള്ള ബാഹ്യ സമ്മര്‍ദം ഇല്ലാതാക്കുന്നതിനെ കുറിച്ചുംമാര്‍ഗരേഖയില്‍ ഉണ്ടാവണമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ കമീഷന്‍ സംവിധാനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിലവിലുള്ള കൊളീജിയം സംവിധാനം മതിയെന്നാണ് കോടതി നിര്‍ദേശിച്ചത്. ഈ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി കേന്ദ്രസര്‍ക്കാര്‍, ജനങ്ങള്‍, ന്യായാധിപന്മാര്‍, അഭിഭാഷകര്‍ എന്നിവരില്‍ നിന്ന് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു.

Top