ലോയയുടെ വിധി; സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കോൺഗ്രസ്സ്

justice loya

ന്യൂഡൽഹി: ലോയയുടെ മരണത്തിൽ സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് രംഗത്ത്. ജസ്റ്റീസ് ലോയയുടെ മരണത്തിൽ തുടരന്വേഷണമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് കോൺഗ്രസ്സ് രംഗത്തെത്തിയത്

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിവസമാണിന്നെന്നും ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാതാണ് കോടതി വിധിയെന്നും കോൺഗ്രസ്സ് വിമർശിച്ചു. ‘രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങൾ’ എന്നു കാണിച്ചു വാർത്താക്കുറിപ്പും കോൺഗ്രസ്സ് പുറത്തിറക്കി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മാത്രമല്ല ഇരയുടെ പേര് രേഖപ്പെടുത്തുന്നതിൽ വരെ വൈരുദ്ധ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളാണ് വിധി അവശേഷിപ്പിക്കുന്നത്. മരണത്തിൽ ബാഹ്യ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂവെന്നും മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല വാർത്താസമ്മേളനത്തിൽ ചോദിച്ചു.

അതേസമയം, സിപിഎമ്മും വിധിയെ ചോദ്യം ചെയ്ത് രംഗത്തുവന്നിരുന്നു. കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.

സൊഹ്‌റാബുദീൻ കേസിന്റെ വിചാരണക്കിടെയായിരുന്നു ലോയയുടെ മരണം. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ അദ്ദേഹം 2014 ഡിസംബർ ഒന്നിന് നാഗ്പുരിലാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

എന്നാൽ ലോയയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നും സഹോദരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം വിവാദമായത്.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെട്ടിരുന്ന സൊഹ്‌റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ.

Top