ലവ് ആക്ഷന്‍ ഡ്രാമയുടെ റിലീസ് നാളെ; വൈറലായി ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നിവിന്‍ പോളി- നയന്‍താര താരജോഡിയിലൊരുങ്ങുന്ന ലവ് ആക്ഷന്‍ ഡ്രാമ ഓണം റിലീസായി നാളെ തിയേറ്ററുകളിലെത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തെ കുറിച്ചുള്ള ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

‘അവനും ശ്രീനിവാസന്‍ സാറിന്റെ മോനാ, വിനീതിന്റെ അനിയനും ഞങ്ങളുടെ കുഞ്ഞനിയനുമാണ്. അവന്റെ പടം നാളെ ഇറങ്ങുകയാണ്. ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം. അവന്‍ നിങ്ങളെ നിരാശരാക്കില്ല’. എന്നാണ് ജൂഡ് ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ മടങ്ങി എത്തുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്ക് നോക്കി യന്ത്രത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയും ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുകയാണ്.

നിവിന്‍ പോളിയാണ് ചിത്രത്തില്‍ തളത്തില്‍ ദിനേശനായി എത്തുന്നത്. ശോഭയായി നയന്‍താരയും എത്തുന്നു. ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Top