കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന്

കൊച്ചി; കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാനായി രൂപീകരിച്ച ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ കമ്മിഷന്‍ തെളിവെടുപ്പ് ഇന്ന്.

രാവിലെ എറണാകുളം ഗവ.റെസ്റ്റ് ഹൗസില്‍ വെച്ച് നടക്കുന്ന തെളിവെടുപ്പില്‍ കലാലയങ്ങളിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ്, അക്കാദമിക അന്തരീക്ഷം, വിദ്യാര്‍ത്ഥിപ്രവേശനം, പരീക്ഷാനടത്തിപ്പ്, സര്‍ഗ്ഗപ്രവര്‍ത്തനങ്ങള്‍ എന്നിവ സര്‍വ്വകലാശാല ചട്ടങ്ങള്‍ക്കും ജനാധിപത്യരീതികള്‍ക്കും അനുസരിച്ചാണോ നടക്കുന്നത്, എന്നും അധ്യാപക-രക്ഷാകര്‍ത്തൃസമിതികള്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി നടത്തിയ ആത്മഹത്യാശ്രമം പോലെയുള്ള കടുത്ത നടപടികള്‍ എന്തുകൊണ്ട് സംഭവിക്കുന്നു തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാകും.

എല്ലാ കലാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ടും അല്ലാതെയും തെളിവുകള്‍ നല്‍കാം. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് തെളിവെടുപ്പ് നടക്കുക.

Top