റഫാല്‍ ഇടപാട് ; ജെ.പി.സി അന്വേഷണമില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Arun Jaitley

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രതിരോധ ഇടപാടുകള്‍ ജെ.പി.സി അന്വേഷണത്തിലൂടെ അന്തിമ നിഗമനം സാധ്യമല്ലെന്നും ഇടപാടില്‍ രാജ്യസുരക്ഷയും വാണിജ്യ താല്‍പര്യങ്ങളും പരിരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം റഫാല്‍ ഇടപാടില്‍ കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നകാര്യമടക്കം പരിഗണിക്കുമെന്നും രാജ്യതാല്‍പര്യത്തിനെതിരായ റഫാല്‍ കരാറിനെതിരെ പോരാട്ടം തുടരുമെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ ആരോപിച്ചു. രാഹുല്‍ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്തു. രാഹുല്‍ സഭയോടും രാജ്യത്തെ ജനങ്ങളോടും മാപ്പ് പറയണമെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിവാദങ്ങളില്‍ തന്നെ കുടുക്കാന്‍ ശ്രമമെന്ന് അനില്‍ അംബാനിയും പ്രതികരിച്ചു.

റഫാല്‍ വിവാദത്തില്‍ മുങ്ങി പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസ്സപ്പെട്ടു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. റഫാല്‍ ഇടപാടിലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു.

Top