കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെ പി നദ്ദ

കോഴിക്കോട്: കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ആരോഗ്യ രംഗത്ത് ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡല്‍ ആണ് എന്ന് നദ്ദ ആരോപിച്ചു. രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും നല്‍കിയിട്ടും കേരളത്തില്‍ വേണ്ടത്ര വികസനങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോഴിക്കോട് മാരാര്‍ജി ഭവന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.

നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നത്. കേന്ദ്ര പദ്ധതികള്‍ വേണ്ട രീതിയില്‍ നടപ്പിലാക്കുന്നില്ല. ഇവിടെ പുതിയ വ്യവസായങ്ങള്‍ ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടുവെന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നത് നാണക്കേടാണ്.

ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ല. പൊലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു. കേരളത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ വിജയിപ്പിക്കാന്‍ ബിജെപി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്‌സിന്‍ നല്‍കുന്നതില്‍ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജെ പി നദ്ദ പറഞ്ഞു.

 

Top