പൗരത്വ നിയമത്തെ കുറിച്ച് 10 വരി തികച്ചു പറയാനാവുമോ? രാഹുലിനെ വെല്ലുവിളിച്ച് നഡ്ഡ

ന്യൂഡല്‍ഹി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ. രാഹുലിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ 10 വരി തികച്ചു പറയാന്‍ കഴിയുമോ എന്നാണ് നഡ്ഡയുടെ വെല്ലുവിളി.

കാര്യമറിയാതെയാണ് രാഹുല്‍ഗാന്ധി പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളുടെ ആഗ്രഹമാണ് പൗരത്വ നിയമത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും നഡ്ഡ പറഞ്ഞു.പൗരത്വ ഭേഗദതി നിയമത്തെ അനുകൂലിച്ച് ഒരു ബുദ്ധസംഘടന സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു നഡ്ഡ.

ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ എന്താണു പ്രശ്‌നമെന്ന് രണ്ടു വാചകത്തില്‍ പറഞ്ഞു തരാന്‍ രാഹുല്‍ ഗാന്ധിക്കാവുമോ? അതു പറ്റില്ലെങ്കില്‍ 10 വരി അതേക്കുറിച്ചു പറയാനാവുമോ? നഡ്ഡ ചോദിച്ചു.

കോണ്‍ഗ്രസിനും ഇടതു കക്ഷികള്‍ക്കും വോട്ടാണു വലുത്. എന്നാല്‍ ബിജെപിക്കു രാജ്യമാണു വലുതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തെ ദുര്‍ബലമാക്കുകയാണു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top