അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരും; ജെ.പി. നഡ്ഡ വര്‍ക്കിങ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. തലസ്ഥാനത്ത് ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം.

അതേസമയം, മുതിര്‍ന്ന നേതാവ് ജെ.പി.നഡ്ഡയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കാനും പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിച്ചത്.

അമിത് ഷായുടെ നേതൃത്വത്തിന്‍ കീഴിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുള്‍പ്പെടെ ഒന്നിലേറെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം സ്വന്തമാക്കിയത്. എന്നാല്‍ അഭ്യന്തര മന്ത്രിയായി നിയമിതനായതോടെ തനിക്ക് പകരം പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരാളെ കണ്ടെത്തണം എന്ന് ഷാ ആവശ്യപ്പെട്ടിരുന്നു- രാജ്‌നാഥ് വ്യക്തമാക്കി.

ഷായുടെ ഈ ആവശ്യം അംഗരീകരിച്ചാണ് പാര്‍ട്ടിക്ക് പുതിയ വര്‍ക്കിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുത്തതെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയായ ജെ.പി. നഡ്ഡ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയുമായിരുന്നു.

Top