കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പെന്ന് ജോയ് മാത്യു; ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് ഹരീഷ് പേരടി

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേത്തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കറുപ്പുനിറത്തിന് പോലീസും സംഘാടകരും വിലക്കേര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്‌ക്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടെങ്കില്‍ സത്യത്തില്‍ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോള്‍ കറുപ്പെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഇത് പേടിതൂറനായ ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമാണെന്നാണ് ഹരീഷ് പേരടി കുറിച്ചത്. കറുത്ത വസ്തം ധരിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും അഭിപ്രായപ്രകടനം.

Top