ഊരിപ്പിടിച്ച കത്തികള്‍ക്കു മുന്നിലൂടെ നടന്നുവെന്നതു വലിയ ധീരതയധീരതയല്ലെന്ന് ജോയ് മാത്യു

joy mathew

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിക്കലിനെ എതിര്‍ത്ത ഇടതു പക്ഷത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഊരിപ്പിടിച്ച കത്തികള്‍ക്കു മുന്നിലൂടെ നടന്നുവെന്നു പറഞ്ഞു നടക്കുന്നവര്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ധീരത കാട്ടണമെന്ന് ജോയ് മാത്യു പറഞ്ഞു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കു പിന്തുണയുമായി യുവകലാസാഹിതി നടത്തിയ സാംസ്‌കാരിക കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഊരിപ്പിടിച്ച കത്തികള്‍ക്കു മുന്നിലൂടെ നടന്നുവെന്നതു വലിയ ധീരതയല്ല. ഇതൊക്കെ വെറും പൊങ്ങച്ചം പറച്ചിലാണെന്നും അദ്ദേഹം പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന കണ്ടിട്ടു മനസ്സിലാകാത്തവര്‍ക്കാണു കുരിശു കണ്ടപ്പോള്‍ ഹാലിളകിയത്. തിരഞ്ഞെടുപ്പായാല്‍ അരമനകളില്‍ പോയി കുമ്പിട്ടു നില്‍ക്കുന്നവരാണ് ഇവര്‍. മൂന്നാറിലെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്നതു ഭീരുത്വമാണ്. സംസ്‌കാര ശൂന്യരായ ഭരണകര്‍ത്താക്കളാണ് ഇന്നുള്ളത്.

റവന്യൂ മന്ത്രിയുടെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. വന്‍കിടക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാരിനു കഴിയുന്നില്ല. കരം കൊടുക്കുന്നവനു സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.

Top