ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്; പ്രതികരണവുമായി ജോയ് മാത്യു

കൊച്ചി: പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുതുപക്ഷത്തിന് ഏറ്റ പരാജയത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നാണ് ജോയ് മാത്യു പറയുന്നത്. ശൈലജ ടീച്ചര്‍ മുഖ്യമന്ത്രി ആയാല്‍ നല്ല മാറ്റമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

‘ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും.’ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഇടതുപക്ഷത്തിന് ഏറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ശൈലി മാറ്റുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമാണ് ജോയ് മാത്യുവിനെ ചൊടിപ്പിച്ചത്‌.

തന്റെ ശൈലി തന്റേത് തന്നെയായി തുടരുമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ഈ ശൈലിയും രീതിയും കൊണ്ടുതന്നെയാണ് താന്‍ ഇവിടെ വരെ എത്തിയത്. അതിനാല്‍ ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരും. ഒരു ശൈലിമാറ്റത്തിനും ഉദ്ദേശിച്ചിട്ടില്ല. അങ്ങനൊരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

Top