ശ്രീകൃഷ്ണ വിഗ്രഹത്തില്‍ തുളസിമാല അണിയിച്ചു; ബാലഗോകുല വിവാദത്തില്‍ ജോയ് മാത്യു

joy-mathew

ബാലഗോകുല സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘എന്നെപ്പോലുള്ളവര്‍ പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന ഒരടവുണ്ട് ‘അയ്യോ ആ ദിവസം എനിക്ക് ഷൂട്ടിംഗ് ഉണ്ട് ,അല്ലെങ്കില്‍ ഞാന്‍ വിദേശത്തായിരിക്കും’ എന്നൊക്കെ. അത്തരം നുണകള്‍ എനിക്ക് പതിവില്ല. അതിനാല്‍ ഞാന്‍ അത് സന്തോഷത്തോടെ ഏറ്റു.

ഉദ്ഘാടനച്ചടങ്ങ്‌ എന്നത് നിലവിളക്ക് കൊളുത്തിയിട്ടായിരിക്കും എന്നു കരുതിയ എനിക്ക് തെറ്റി. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ തുളസിമാല അണിയിച്ചാണ് ഉദ്ഘാടനം എന്ന് അല്പം സങ്കോചത്തോടെ അവര്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്കത് നല്ല രസമായിട്ടാണ് തോന്നിയത്’. ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബാലഗോകുലം സംസ്ഥാനസമ്മേളനം ഉദ്ഘാടകനായി അതിന്റെ സംഘാടകർ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ,ഞാൻ നിങ്ങളുമായി പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുള്ള ആളാണ് ,ക്ഷണിക്കാൻ വന്നവർ പറഞ്ഞു .അത് ഞങ്ങൾക്കറിയാം അതുകൊണ്ട് കൂടിയാണ് താങ്കളെ ക്ഷണിക്കുന്നത് ;അതെനിക്കിഷ്ടമായി.

ബാലഗോകുലത്തിന്റെ ഉദ്ഘാടകനാകുന്നതിനെപ്പറ്റി എന്നെക്കാൾ വിവരമുള്ള എന്റെ സുഹൃത്തുക്കളോട് ഞാൻ ചോദിച്ചു.അവർ പറഞ്ഞു,സ്വന്തമായി അഭിപ്രായമുള്ളവർക്ക് ആരുടെ വേദിയിലും അത് പ്രകടിപ്പിക്കാം ,അതിനുള്ള സ്വാതന്ത്ര്യം അവർ തരുന്നുണ്ടല്ലോ,പിന്നെന്ത് ?
എന്നെപ്പോലുള്ളവർ പലരും ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിക്കുന്ന ഒരടവുണ്ട് ‘അയ്യോ ആ ദിവസം എനിക്ക് ഷൂട്ടിംഗ് ഉണ്ട് ,അല്ലെങ്കിൽ ഞാൻ വിദേശത്തായിരിക്കും’ എന്നൊക്കെ .അത്തരം നുണകൾ എനിക്ക് പതിവില്ല.അതിനാൽ ഞാൻ അത് സന്തോഷത്തോടെ ഏറ്റു .

ഉദ്ഘാടനച്ചടങ് എന്നത് നിലവിളക്ക് കൊളുത്തിയിട്ടായിരിക്കും എന്നു കരുതിയ എനിക്ക് തെറ്റി .ശ്രീകൃഷ്ണ വിഗ്രഹത്തിൽ തുളസിമാല അണിയിച്ചാണ് ഉദ്ഘാടനം എന്ന് അല്പം സങ്കോചത്തോടെ അവർ എന്നോട് പറഞ്ഞപ്പോൾ എനിക്കത് നല്ല രസമായിട്ടാണ് തോന്നിയത് .വിവാഹത്തിനു എന്റെ ഭാര്യയെ മാലയിട്ടതല്ലാതെ മറ്റാരെയും ഞാൻ മാലയിട്ടതായി ഓർമ്മയില്ല .പലരെയും മാലയിട്ടാലോ എന്ന ആലോചിച്ചിരുന്നുവെന്നത് വേറെകാര്യം .ഏതായാലും ശ്രീകൃഷ്ണനെ മാലചാർത്തുന്ന ചിത്രം ജീനികെട്ടിയ ട്രോളന്മാർക്ക് ആഘോഷിക്കുവാൻ വകയായി ;എനിക്കാണെങ്കിൽ അത് പുല്ലുമായി.
ശ്രീകൃഷ്ണൻ എന്ന ദൈവത്തെയല്ല ഭഗവത് ഗീഥ ചൊല്ലിയ ദാർശനികനായ കൃഷ്ണനെയാണ് ഞാൻ മാലയിട്ടത് എന്ന് തുടങ്ങിയായിരുന്നു എന്റെ ഉദ്ഘാടനപ്രസംഗം.(പ്രസംഗം മുഴുവനായി കിട്ടാൻ ഏഷ്യാനെറ്റിലെ ബിനു രാജിനെ ബന്ധപ്പെടുക )

ധർമ്മാധർമ്മങ്ങളുടെ യുദ്ധഭൂമിയിൽ നിൽക്കുന്ന അർജ്ജുന വിഷാദത്തെ മറികടക്കാനും ധർമ്മത്തിന്റെ/നീതിയുടെ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാനും അർജ്ജുനനെ പ്രേരിപ്പിച്ച ഗീഥാകാരൻ ഉയിർകൊടുത്ത ശ്രീകൃഷ്ണൻ എന്ന ദാർശനിക കഥാപാത്രത്തെ ആദരിച്ചാൽ ഒരാൾ ഒലിച്ചുപോകുമോ?എഴുത്തുകാരി കമലാദാസിനെ ആദരിക്കാം എന്നാൽ അവരുടെ ശ്രീകൃഷ്ണ സങ്കൽപ്പത്തെ മാറ്റി നിർത്തണം എന്ന് പറയുന്നതിലെ പൊള്ള യുക്തി തന്നെയാണിതും.നമ്മുടെ മുൻ വിദ്യാഭ്യാസമന്ത്രി (വിദ്യാഭ്യാസത്തിന്റെ ഗതി നോക്കണേ!) ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താൻ പറ്റില്ലെന്നും അത് തന്റെ മത വിശ്വാസത്തിനെതിരാണെന്നും പറഞ്ഞു വെളിച്ചത്തിനു പുറം തിരിഞ്ഞു നിന്നപ്പോൾ അതെ മതത്തിൽ വിശ്വസിക്കുന്ന എന്റെ സഹപ്രവർത്തകൻ കൂടിയായ ശ്രീ മമ്മുട്ടി വേദിയിൽ വെച്ചുതന്നെ മന്ത്രിയുടെ നിലപാടിനെ വിമർശിച്ചത് ഞാൻ ആത്മഹർഷത്തോടെയാണ് ഓർക്കുന്നത് .വൈരുദ്ധ്യാത്മക ഭൗതിക വാദം അരച്ച് കലക്കി കുടിച്ച മാർക്സിസത്തിന്റെ തലതൊട്ടപ്പന്മാരായ നമ്മുടെ ദേവസ്വം മന്ത്രിമാരും മറ്റു വിപ്ലവകാരികളും ഗുരുവായൂരും ശബരിമലയിലും ‘വിനയാന്വിത കുനീരരായി’ (പേടിക്കേണ്ട പുതിയ വാക്കാണ് – എന്റെ ചങ്ങാതി കണ്ടുപിടിച്ചത് ) നിൽക്കുന്നതും പ്രസാദം വാങ്ങിച്ചു മിണുങ്ങന്നതും നാം കണ്ടു പഠിക്കേണ്ടതാണ് .അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ ,അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ വേദികൾ വേണം .
ഏതെങ്കിലും കലാകാരൻ എന്റെ സിനിമ എന്റെ പാർട്ടിക്കാർ മാത്രം കണ്ടാൽ മതി എന്ന് ആഗ്രഹിക്കുമോ ? ശുദ്ധകള്ളത്തരമല്ലേ അത് ?

എല്ലാവർക്കും തങ്ങളുടെ സിനിമകൾ എല്ലാവരും കാണണം എന്ന് തന്നെയാണ് ഉള്ളിലിരുപ്പ് .അത് പുറമെ കാണിക്കുന്നില്ലെന്ന് മാത്രം .അതുപോലെതന്നെയാണ് നമ്മളെ സ്നേഹിക്കുന്നവർ,നമ്മളിലെ കലാകാരനെ ആദരിക്കുന്നവർ നമ്മളെ കേൾക്കാൻ ,അതും നമ്മുടെ അഭിപ്രായം വ്യത്യസ്തമാണെങ്കിൽകൂടി ,തയാറായി നമ്മളെ ക്ഷണിക്കുമ്പോൾ പുറംതിരിഞ്ഞ് നിൽക്കുകയാണോ വേണ്ടത് ?

Top