പ്രളയബാധിതർക്ക് കൈതാങ്ങായി ജോയ് ആലുക്കാസ് ‘സന്തോഷ ഭവനം’

കൊച്ചി : പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ‘സന്തോഷ വീടുകള്‍’ നിര്‍മിച്ചു നല്‍കാനൊരുങ്ങി ജോയ് ആലുക്കാസ് ഗ്രൂപ്പ്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മുഖേന ഓരോ വീടിനും ആറ് ലക്ഷം രൂപ ചെലവഴിച്ച് 250 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.

കേരള പുനര്‍നിര്‍മാണത്തില്‍ പങ്കുചേര്‍ന്നു സന്തോഷം നിറയുന്ന വീടുകള്‍ നിര്‍മിക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും വ്യക്തമാക്കി.

ലഭ്യമാകുന്ന പ്ലോട്ടുകള്‍ക്കനുസരിച്ച് 600 ചതുരശ്ര അടി വലിപ്പത്തില്‍ 2 കിടപ്പു മുറികളും ഡൈനിങ് – ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോണ്‍ക്രീറ്റ് വീടുകളാണ് നിര്‍മിച്ച് നല്‍കുക.

ഒരു വീടിന് ആറു ലക്ഷം രൂപ വീതം 15 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനായി വിദഗ്ധ ആര്‍ക്കിടെക്ടുകളുടെ സേവനം ലഭ്യമാക്കും.

പ്രളയത്തില്‍ ഭവനരഹിതരായവര്‍ക്ക് ഏറ്റവും അടുത്തുള്ള ജോയ് ആലുക്കാസ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കാം. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിയോഗിക്കുന്ന കമ്മിറ്റി പഠിച്ച ശേഷം അര്‍ഹരെ കണ്ടെത്തി വീടുകള്‍ നിര്‍മിക്കും.

പ്രളയം കേരളത്തെ ബാധിച്ചു തുടങ്ങിയ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി പുരനധിവാസ പ്രവര്‍ത്തനങ്ങളില്‍ വരെ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. അശരണരായ നിരവധിപ്പേര്‍ക്കാണ് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കിയത്. സാമൂഹിക നന്മ ലക്ഷ്യമാക്കി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

വിശദ വിവരങ്ങള്‍ക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ തൃശ്ശൂര്‍ ഓഫീസുമായി ബന്ധപ്പെടുക : 0487 2329222

Top