Joy Abraham statement

കോട്ടയം : ചരല്‍ക്കുന്ന് ക്യാംപില്‍ മുന്നണിമാറ്റം ചര്‍ച്ചയാകുമെന്നു കേരള കോണ്‍ഗ്രസ്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കും ചര്‍ച്ചാവിഷയമാകും. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാടെടുക്കും

. എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം പറഞ്ഞു.

യുഡിഎഫില്‍ തുടരണമോ എന്ന് ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലെ ചരല്‍ക്കുന്ന് സംസ്ഥാന ക്യാംപില്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിക്കുമെന്നാണു സൂചന. യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ഇതിനുള്ള മുന്നറിയിപ്പായാണു കരുതുന്നത്.

അതിനിടെ, കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്ന മാണിയെ ഇതുവരെ അനുനയിപ്പിക്കാനുമായിട്ടില്ല. മുന്നണി വിടാനുള്ള മാണിയുടെ നീക്കത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണു കോണ്‍ഗ്രസ് കാണുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.ബാബു അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആവിയായിപ്പോയെങ്കില്‍ മാണിക്കെതിരെ മാത്രം എന്തുകൊണ്ടു കുരുക്കു മുറുകി എന്ന ചോദ്യമാണു കേരള കോണ്‍ഗ്രസിന്റേത്.

ഇടതുമുന്നണിയുടെ പിന്തുണയോടെ മാണി മുഖ്യമന്ത്രിയാകുമെന്നു ഭയന്ന് ആ നീക്കം പൊളിക്കാനായി കെട്ടിച്ചമച്ചതാണു ബാര്‍കോഴക്കേസെന്ന് അവര്‍ ആരോപിക്കുന്നു.

ബാര്‍കേസില്‍ മാണിയെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തിയ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. ഇതെല്ലാം കഴിഞ്ഞും അച്ചടക്കത്തോടെ യുഡിഎഫിന്റെ ഭാഗമായി തുടരണമോ വേണ്ടയോ എന്നതു ചര്‍ച്ചചെയ്യാതെ പറ്റില്ല എന്ന നിലപാടിലാണു പാര്‍ട്ടി.

Top