ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാൻ യാത്ര തുടങ്ങി: എം കെ സ്റ്റാലിൻ

കന്യാകുമാരി: രാഹുൽ ഗാന്ധിയെ തന്റെ സഹോദരനെന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് സ്റ്റാലിന്റെ പരമർശം. നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാനും നമ്മുടെ രാജ്യത്തെ ജനങ്ങളെ സ്‌നേഹത്തോടെ ഒന്നിപ്പിക്കാനുമാണ് ഈ യാത്ര. അതിന് തുടക്കം കുറിക്കാൻ സമത്വത്തിന്റെ പ്രതിമ നിലകൊള്ളുന്ന കന്യാകുമാരിയെക്കാൾ മികച്ച സ്ഥലമില്ലെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ബുധനാഴ്ച വൈകീട്ടാണ് ഭാരത് ജോഡോ യാത്രക്ക് തുടക്കമായത്. സ്റ്റാലിനാണ് രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയത്. യാത്രയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴുമണിക്ക് അഗസ്തീശ്വരത്തുനിന്നാണ് തുടങ്ങിയത്. വൈകീട്ട് നാഗർകോവിലിലാണ് സമാപനം. യാത്രയിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളായി യാത്ര കടന്നുപോകുന്ന വഴിയിൽ തടിച്ചുകൂടുന്നത്.

Top