കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ നേതാക്കള്‍ കയ്യേറ്റം ചെയ്തു

കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കല്ലായ് റോഡിലെ വുഡീസ് ഹോട്ടലില്‍ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആര്‍. രാജേഷ്, കൈരളി റിപ്പോര്‍ട്ടര്‍ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ തരില്ലെന്നു പറഞ്ഞതിന് അസഭ്യം പറഞ്ഞെന്നും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രതികരിച്ചു. സ്ത്രീയാണെന്ന് നോക്കില്ല, കായികമായി നേരിടാന്‍ മടിയില്ലെന്നും കേസ് വന്നാല്‍ നോക്കിക്കോളാം എന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്കുകളെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മാധ്യമപ്രവകര്‍ത്തരുടെ മൊഴി രേഖപ്പെടുത്തി.

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖിന്റെ അനുകൂലികളാണ് രഹസ്യയോഗം ചേര്‍ന്നത്. മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു യോഗം.

സാജനെ പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മുന്‍ ഡി.സി.സി പ്രസിഡന്റ് രജീവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

Top