Journalists arrested ; tumble of police

കോഴിക്കോട്: കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞ് തടിതപ്പാന്‍ പൊലീസ് ശ്രമം. പൊലീസിന് വീഴ്ച്ച പറ്റിയതായി കോഴിക്കോട് സിഐ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. പൊലീസിന് പറ്റിയ വീഴ്ച്ചയാണിതെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മാധ്യമപ്രവര്‍ത്തകരുടെ തീരുമാനം.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് കോടതിയില്‍ വിലക്ക്.

ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കോടതി പറഞ്ഞത് പൊലീസ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
#
പൊലീസ് ആരേയും തടഞ്ഞിട്ടില്ല. വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും ഒബി വാന്‍ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിന് പിന്നാലെയാണ് കോഴിക്കോടും വിലക്കേര്‍പ്പെടുത്തിയിക്കുന്നത്.

Top