journalists arrest; Kozhikodu town SI Suspended

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മറികടന്ന് ഏഷ്യാനെറ്റിന്റെ ഡിഎസ്എന്‍ജി വാഹനം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്ത വിവാദ നായകനായ ടൗണ്‍ എസ്‌ഐ പിഎം വിമോദ് കര്‍ക്കശക്കാരനായ പൊലീസ് ഓഫീസര്‍.

ചീട്ടുകളി സംഘം,മദ്യപിച്ച് ബഹളമുണ്ടാക്കുന്നവര്‍,സാമൂഹിക വിരുദ്ധര്‍ എന്നിവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത എസ്‌ഐ ഇപ്പോള്‍ വിവാദത്തില്‍ ചാടിയതില്‍ നാട്ടുകാര്‍ക്കും അത്ഭുതം.

എസ്‌ഐ ആയി ചാര്‍ജെടുത്ത് കുറച്ച് കാലമേ ആയിട്ടുള്ളുവെങ്കിലും യാതൊരുവിധ അഴിമതി ആരോപണങ്ങളും ഈ ഉദ്യോഗസ്ഥനെ കുറിച്ച് നാട്ടുകാര്‍ക്കില്ല.

കോടതിയില്‍ ചാനലിന്റെ ഡിഎസ്എന്‍ജി വാഹനം കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായതെന്നും പൊലീസിന്റെ ഈ നടപടി ചോദ്യം ചെയ്തതിനാണ് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെ സ്റ്റേഷനിലേക്ക് കൊണ്ട് വന്നതെന്നുമാണ് ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാര്‍ പറയുന്നത്.

എസ്‌ഐ പിടിച്ച് കൊണ്ടുപോയ ഏഷ്യാനെറ്റ് ബ്യൂറോചീഫ് ബിനുരാജ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇതുവരെ ഒരു സംഘര്‍ഷത്തിലും ഭാഗമാവാത്തവരായതിനാല്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്.

സംഭവത്തില്‍ ഡിജിപി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും കമ്മീഷണര്‍ ഉമാ ബെഹ്‌റയും എംഎല്‍എ എ പ്രദീപ് കുമാറും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകരെയും ഡിഎസ്എന്‍ജി വാഹനവും പുറത്ത് വിടാന്‍ ധാരണയാവുകയും ചെയ്തിരുന്നു.

ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലുള്ള ചാനലിന്റെ വാഹനം എടുക്കുന്നതിന് വേണ്ടി ടൗണ്‍സ്റ്റേഷനിലെത്തിയ മൂന്ന് മാധ്യമപ്രവര്‍ത്തകരെ വീണ്ടും എസ്‌ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരം പൊലീസും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തിലാണ് ഇത് കലാശിച്ചത്.

കോടതിക്കകത്ത് ഒബി വാന്‍ കയറ്റുന്നതിലും മാധ്യമപ്രവര്‍ത്തകര്‍ കോടതി കോമ്പൗണ്ടില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയത് സാധാരണ നടപടി മാത്രമാണെന്നും കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതെന്നുമാണ് ടൗണ്‍ പൊലീസ് പറയുന്നത്.

എന്നാല്‍ എറണാകുളം ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലുമുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഇപ്പോള്‍ കോഴിക്കോട് ജില്ലാ കോടതിയിലുണ്ടായ സംഭവങ്ങളും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്ന നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍.

ചില ‘കേന്ദ്രങ്ങള്‍’ ബോധപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയതാണെന്നും പക തീര്‍ക്കുകയാണെന്നുമാണ് ആക്ഷേപം.

നടന്‍ സുരേഷ് ഗോപിയുടെ ആരാധകനായ എസ്‌ഐ പിഎം വിമോദ്, സുരേഷ് ഗോപി സിനിമയില്‍ അവതരിപ്പിച്ച പൊലീസ് വേഷങ്ങളുടെ മാനറിസങ്ങളെ കവച്ച് വയ്ക്കുന്ന രൂപത്തിലാണ്
പൊലീസിന്റെ ‘പവര്‍’ കാട്ടിയത്. ചാനലിന്റെ വാഹമെടുക്കാനെത്തിയ നാല് മാധ്യമപ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് തടവിലാക്കിയത്.

സിനിമയല്ല ജീവിതമെന്ന് കണ്ട് ആവേശം കുറക്കണമെന്ന ഉപദേശം മേലുദ്യോഗസ്ഥരും എസ്‌ഐക്ക് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് ഡിജിപി ഉത്തരവിറക്കി. സാധാരണ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചുമതലപ്പെട്ട സിറ്റി പൊലീസ് കമ്മീഷണര്‍, റേഞ്ച് ഡിഐജി, സോണല്‍ എഡിജിപി എന്നിവര്‍ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Top