journalists arrest issue in Kozhikodu-Vs Effect

തിരുവനന്തപുരം: അധികാര സ്ഥാനങ്ങള്‍ പോയപ്പോള്‍ മാധ്യമങ്ങള്‍ ‘കൈവിട്ട’ വിഎസ് തന്നെ ഒടുവില്‍ മാധ്യമപ്രവര്‍ത്തകരുടെ രക്ഷകനായി.

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ തടസ്സമില്ലെന്നും കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ ഇന്ന് ഉത്തരവിറക്കിയത് ഇത് സംബന്ധമായി വിഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയതിന് തൊട്ട് പിന്നാലെയാണ്.

ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം.

മാത്രമല്ല ഇന്ന് കോഴിക്കോട് നടന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ടൗണ്‍ എസ്‌ഐ പി എം വിമോദിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിപി തന്നെ നേരിട്ട് ഇടപെട്ടതും വിഎസിന്റെ ഇടപെടല്‍ മൂലമാണ്.

നിയമാനുസൃതമായും നടപടിക്രമങ്ങളുടെ ഭാഗമായുമാണ് നടപടി സ്വീകരിക്കേണ്ടതെങ്കില്‍ സിറ്റി പൊലീസ് കമ്മീഷണറുടെയും എഡിജിപിയുടെയും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു നടപടി വേണ്ടിയിരുന്നത്.

മാത്രമല്ല എസ്‌ഐ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ സാധാരണഗതിയില്‍ ജില്ലാ പൊലീസ് മേധാവികളാണ് സസ്‌പെന്‍ഡ് ചെയ്യാറ്. അതുമല്ലെങ്കില്‍ റേഞ്ച് ഡിഐജി,സോണല്‍ എഡിജിപി എന്നിവരും നടപടി സ്വീകരിക്കും. അത് തന്നെ അത്യപൂര്‍വ്വ സംഭവങ്ങളില്‍ മാത്രം.

എന്നാല്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ എസ്‌ഐ തടവിലാക്കിയ വിവരമറിഞ്ഞ ഉടനെ ഡിജിപിയെ നേരിട്ട് വിളിച്ച വിഎസ് ക്ഷുഭിതനായാണ് സംസാരിച്ചത്.

പ്രായം വകവയ്ക്കാതെ വേണ്ടി വന്നാല്‍ 93ാം വയസ്സിലും പൊലീസ് ആസ്ഥാനത്ത് കുത്തിയിരുപ്പ് സമരം നടത്താന്‍ വരെ അദ്ദേഹം തയ്യാറായിരുന്നുവത്രെ.

രംഗം വഷളാകുമെന്ന് കണ്ടാണ് സംഘര്‍ഷം സംബന്ധമായ വിശദമായ റിപ്പേര്‍ട്ട് ലഭിക്കും മുന്‍പ് തന്നെ ഡിജിപി തന്നെ നേരിട്ട് എസ്‌ഐയെ സസ്‌പെന്റ് ചെയ്തത്. ഇതിന് ശേഷമാണ് സിറ്റി പൊലീസ് കമ്മീഷണറുടെയടക്കം റിപ്പോര്‍ട്ട് ഡിജിപിയുടെ മേശപ്പുറത്തെത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിന് ശേഷം വിഎസിനെ കൈവിടുകയും ഭരണ പരിഷ്‌കാര കമ്മീഷന്‍ പദവി സംബന്ധമായും മറ്റും കളിയാക്കി മാനം കെടുത്തുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള സമൂഹത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി അഭിഭാഷക സംഘടനയുടെ എതിര്‍പ്പ് പോലും വകവെക്കാതെയാണ് വിഎസ് രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടയുകയും പിന്നീട് തര്‍ക്കമുണ്ടായപ്പോള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Top