സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മാധ്യമപ്രവര്‍ത്തക; വനിതാ കമ്മിഷനും പരാതി നല്‍കും

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി. നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും. വനിതാ കമ്മിഷനും പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

വെള്ളിയാഴ്ച കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ വെച്ച കൈ അവര്‍ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു.താന്‍ നേരിട്ട മോശം അനുഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തക അറിയിച്ചു. നിയമനടപടി ഉള്‍പ്പെടെ എല്ലാ തുടര്‍നീക്കങ്ങള്‍ക്കും മീഡിയവണിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റര്‍ സി. ദാവൂദ് അറിയിച്ചു.

അതെസമയം,സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിതെന്നും തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

Top