ഷുജാഅത്ത് ബുഖാരി കേസ് ; അക്രമി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു

ന്യുഡല്‍ഹി: കശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരിയെ കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ ദക്ഷിണ കശ്മീരിലുള്ള അക്രമികളും പാക് സ്വദേശിയായ ഒരാളുമാണ്.

ലഷ്‌കറെ ത്വയിബ ഭീകരനായ ജാവേദ് ജാട്ട് ആണ് കൊലയാളി സംഘത്തില്‍പ്പെട്ട പാക് ഭീകരന്‍. ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീ മഹാരാജ ഹരി സിങ്(എസ്.എം.എച്ച്.എസ്) ആശുപത്രിയില്‍ നിന്ന് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടയാളാണ് ജാവേദ് ജാട്ട്.

പാക്കിസ്ഥാനില്‍ നിന്നുളള ബ്ലോഗ് എഴുത്തുകാരനായ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ബ്ലോഗിലൂടെ ബുഖാരിയ്ക്കെതിരെ ക്യാംപെയ്ന്‍ തുടങ്ങിയിരുന്നു. ശ്രീനഗറില്‍ നിന്നുളള ഭീകരനായ ഇയാള്‍ പാക്കിസ്ഥാനിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഈ വിവരങ്ങളൊക്കെ പത്രസമ്മേളനം നടത്തി അന്വേഷണം സംഘം പുറത്തുവിടുമെന്നാണ് വിവരം.

റൈസിങ് കശ്മീര്‍ എന്ന സ്ഥാപനത്തിന്റെ ചീഫ് എഡിറ്ററായിരുന്ന ശുജാഅത്ത് ബുഖാരി ജൂണ്‍ 14നാണ് വെടിയേറ്റു മരിച്ചത്. അദ്ദേഹത്തിന്റെ സുരക്ഷാജീവനക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Top