മാധ്യമ പ്രവര്‍ത്തക ലൈംഗീക പീഡന-അപകീര്‍ത്തി കേസ്;ഡോണള്‍ഡ് ട്രംപിന് 83.3 മില്യണ്‍ ഡോളര്‍ പിഴശിക്ഷ

ന്യൂയോര്‍ക്ക്: മാധ്യമ പ്രവര്‍ത്തക ജീന്‍ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിഴശിക്ഷ. ജീന്‍ കരോളിന് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തില്‍ ട്രംപ് കോടതിയില്‍ സന്നിഹിതനായിരുന്നു. എന്നാല്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ട്രംപ് കോടതി മുറിയില്‍ നിന്ന് പുറത്ത് പോയി.

1996ല്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് കരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് 2022ല്‍ അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് ട്രംപ് ഉത്തരവാദിയാണെന്നാണ് ജൂറിയുടെ കണ്ടെത്തല്‍. സ്ത്രീത്വത്തിന്റെ വിജയമെന്നായിരുന്നു പരാതിക്കാരിയായ ജീന്‍ കരോളിന്റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പോരാട്ടത്തില്‍ ട്രംപ് മേല്‍ക്കൈ നേടി നില്‍ക്കെയാണ് ജൂറിയുടെ വിധി വന്നിരിക്കുന്നത്.ജോ ബൈഡനോട് പരാജയപ്പെട്ട 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അട്ടിമറിച്ചുവെന്ന കേസും സിവില്‍ ബിസിനസ് തട്ടിപ്പ് കേസും ഉള്‍പ്പെടെ ഒന്നിലധികം ക്രിമിനല്‍ കേസുകളാണ് ട്രംപ് അഭിമുഖീകരിക്കുന്നത്.ഇതിനിടെ ട്രംപ് അപ്പീലിന് പോയാലും യുഎസ് സുപ്രീം കോടതി ജുഡീഷ്യല്‍ റിവ്യൂ ചെയ്യാനുള്ള സാധ്യത അപൂര്‍വ്വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വലിയ തുക പിഴശിക്ഷ വിധിച്ചാല്‍ ട്രംപിനെ നിശബ്ദനാക്കാമെന്ന് കരുതുന്നുവെന്ന വിമര്‍ശനവും ട്രംപ് അനുകൂലികള്‍ ഉയര്‍ത്തുന്നുണ്ട്. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലെ ഒന്‍പതംഗ ജഡ്ജിമാരുടെ പാനലാണ് വിധി പ്രസ്താവിച്ചത്.

പിഴശിക്ഷയില്‍ 18 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായും 65 ദശലക്ഷം ഡോളര്‍ ശിക്ഷാ തുകയായും ആണ് നല്‍കേണ്ടത്. അന്തസ് കളങ്കപ്പെടുത്തിയതിന് 11 ദശലക്ഷം ഡോളറും മാനസിക ആഘാതത്തിന് 7.3 ഡോളറും പിഴയായി നല്‍കണം. അവകാശങ്ങള്‍ ലംഘിച്ചതിന് 65 ദശലക്ഷം ഡോളറാണ് ട്രംപ് പിഴയായി നല്‍കേണ്ടത്. കരോളിന്‍ ആവശ്യപ്പെട്ടതിന്റെ എട്ടിരട്ടി തുകയാണ് കോടതി ട്രംപിന് ശിക്ഷയായി വിധിച്ചിരിക്കുന്നത്. വിധിയെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച ട്രംപ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി. ജോ ബൈഡന്റെ ഇടപെടലാണ് വിധിക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു.

Top