യോഗിക്കെതിരെ നിയമപോരാട്ടം നടത്തി; മാധ്യമപ്രവര്‍ത്തകന് ബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ

ലഖ്‌നൗ; ഗൊരഖ്പൂര്‍ കലാപത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ മാധ്യമപ്രവര്‍ത്തകന് കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തനായ പര്‍വേസ് പര്‍വാസ്, കൂട്ടുപ്രതിയായ മെഹ്മൂദ് അലിയാസ് ജുമാജ് എന്നിവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഗോരഖ്പൂരിലെ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

2018 ലാണ് ഇരുവരേയും ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ക്കും 25,000 രൂപ വീതം പിഴ ചുമത്തിയ കോടതി പിഴയില്‍ നിന്ന് 40,000 രൂപ ഇരയ്ക്ക് കൊടുക്കണമെന്നും ഉത്തരവിട്ടു. 2018 ജൂണ്‍ നാലിനാണ് പര്‍വേസിനും ജുമ്മാന്‍ എന്നയാള്‍ക്കുമെതിരെ നാല്‍പതുകാരി ബലാത്സംഗത്തിന് പരാതി നല്‍കിയത്.

2007 ജനുവരിയില്‍ മുസ്ലീങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പര്‍വേസ് പൊലീസില്‍ പരാതി നല്‍കിയത്. യോഗിയ്‌ക്കെതിരെ സിഡി ഉള്‍പ്പെടെയുള്ള തെളിവുകളോടെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ അലഹബാദ് ഹൈക്കോടതി കേസ് തള്ളുകയായിരുന്നു. ഇതിനെതിരെ 2017ല്‍ പര്‍വേസ് വീണ്ടും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. അതേസമയം കേസില്‍ യോഗിയെ കുറ്റവിചാരണ ചെയ്യേണ്ടതില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.

Top