ബാലക്കോട്ടില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു ; മൃതദേഹങ്ങള്‍ പാക്കിസ്ഥാന്‍ നീക്കിയെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്‌ഷെ ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമത്തില്‍ 170ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26നാണ് ഇന്ത്യന്‍ വ്യോമസേന ജെയ്ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാംപില്‍ ആക്രമണം നടത്തിയത്.

വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം സ്ഥലത്തെത്തി കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ നീക്കിയെന്നുമാണ് ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ 11 ഭീകര പരിശീലകരുണ്ട്. 20 ഭീകരര്‍ പിന്നീട് ചികില്‍സയിലിരിക്കെ മരിച്ചു.

“ഫെബ്രുവരി 26 ന് പുലര്‍ച്ചെ 3.30 ഓടെയാണ് ഇന്ത്യന്‍ സൈന്യം ബാലാകോട്ടിലെ സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് 20 കിലോമീറ്റര്‍ അകലെയുള്ള ഷിങ്കിയാരില്‍ നിന്നുള്ള സൈന്യം അവിടേക്ക് എത്തിയത്. 130 മുതല്‍ 170 വരെ തീവ്രവാദികള്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് ഉടന്‍ തന്നെ ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍ ക്യാമ്പിലേക്ക് പരിക്കേറ്റവരെ മാറ്റുകയായിരുന്നു. 20 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു. പരിക്കേറ്റ 45 പേര്‍ ഇപ്പോഴും പാക്കിസ്ഥാന്‍ സൈനിക ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗത്ത് ഏഷ്യന്‍രാജ്യങ്ങളിലെ റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌കാ മരേനോയാണ് ഇന്ത്യന്‍ വ്യോമാക്രമണം വിജയകരമായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജെയിഷെ മുഹമ്മദ് വിഭാഗം പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ ആക്രമണം പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു.

Top