പ്രിയ രമണിയ്ക്കെതിരെ എം‌.ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് ഡൽഹി കോടതി തള്ളി

ന്യൂഡൽഹി: മാധ്യമ പ്രവർത്തക പ്രിയാ രമണിക്കെതിരെ മുൻ കേന്ദ്രമന്ത്രി എം.ജെ.അക്ബർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസ് ഡൽഹി കോടതി തള്ളി. പ്രിയാ രമണിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്നു കണ്ടാണ് കോടതി കുറ്റവിമുക്തയാക്കിയത്. വർഷങ്ങൾ കഴിഞ്ഞാലും പീഡനം സംബന്ധിച്ച് ഒരു സ്ത്രീക്ക് പരാതി നൽകാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

ലൈംഗിക ചൂഷണത്തിൽ ശബ്ദമുയർത്തിയതിന് സ്ത്രീകളെ ശിക്ഷിക്കാനാകില്ല. പരാതിയുമായി ഏതു സമയത്തും മുന്നോട്ടുപോകാൻ സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടന അനുമതി നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടുതൽ സ്ത്രീകൾക്ക് ശബ്ദമുയർത്തുന്നതിന് ഈ വിധി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രിയാ രമണി വിധിയോട് പ്രതികരിച്ചു.

എം.ജെ അക്ബറിനെതിരെ പ്രിയാ രമണി മീടൂ ആരോപിച്ചത് അപകീർത്തികരവും ഗൂഡാലോചനയുമാണെന്നായിരുന്നു അക്ബറിന്റെ വാദം. തുടർന്നാണ് പ്രിയാ രമണിയ്ക്കെതിരെ എം.ജെ അക്ബർ മാനനനഷ്ട കേസ് ഫയൽ ചെയ്തത്. 1994ല്‍ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടല്‍മുറിയില്‍ വച്ച് എം.ജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ വെളിപ്പെടുത്തല്‍. പിന്നാലെ ഇരുപതോളം സ്ത്രീകളാണ് എം.ജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതോടെ അക്ബറിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്നു.

മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല, വര്‍ഷങ്ങളായി താന്‍ ആര്‍ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് പ്രിയ രമണിക്കെതിരെ അക്ബര്‍ കോടതി കേസ് ഫയല്‍ ചെയ്തത്. തനിക്കെതിരേ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വ്യാജ ആരോപണം ഉന്നയിച്ച പ്രിയ രമണിയെ വിചാരണ ചെയ്യണമെന്നുമായിരുന്നു അക്ബര്‍ ആവശ്യപ്പെട്ടിരുന്നത്.

Top