മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകനുമായ മുഹമ്മദ് സുബൈറിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സുബൈറിനെ കസ്റ്റഡിയില്‍ വിട്ടത്.

കഴിഞ്ഞദിവസമാണ് മതവികാരം വ്രണപ്പെടുത്തിയതിന് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018 മാര്‍ച്ചിലെ സുബൈറിന്റെ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതിയിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ‘2014ന് മുന്‍പ് ഹണിമൂണ്‍ ഹോട്ടല്‍, ശേഷം ഹനുമാന്‍ ഹോട്ടല്‍’ എന്ന മുഹമ്മദ് സുബൈറിന്റെ ട്വീറ്റിന് എതിരെയാണ് പരാതി.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രദീക് സിന്‍ഹ ആരോപിച്ചു. 2020ലെ കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിക്കുന്നത് എന്നാണ് അറിയിച്ചത്. ഇതില്‍ സുബൈറിന് ഹൈക്കോടതിയുടെ സംരക്ഷണമുണ്ട്. എന്നാല്‍ വൈകീട്ട് മറ്റൊരു കേസില്‍ സുബൈറിനെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നുവെന്ന് പ്രദീക് സിന്‍ഹ ആരോപിച്ചു.

Top