ആരുടെ ‘അജണ്ട’ യാണ് മാധ്യമങ്ങൾ നടപ്പാക്കുന്നത് ?വിശുദ്ധരാവരുത് . . .

പവാദങ്ങള്‍, അത് ആര് പ്രചരിപ്പിച്ചാലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഇക്കാര്യത്തില്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പ്രത്യക പരിരക്ഷയൊന്നുമില്ല. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും മാധ്യമ പ്രവര്‍ത്തകര്‍, സൈബര്‍ ആക്രമണത്തിന് ഇരയായത് ദൗര്‍ഭാഗ്യകരമാണ്. ഇതുപോലെ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കെതിരായ അപവാദങ്ങളും. രണ്ടിനേയും ഒരിക്കലും വേര്‍തിരിച്ച് കാണാന്‍ കഴിയുകയില്ല.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ സൈബര്‍ അറ്റാക്ക് സഹിക്കാന്‍ പറ്റുന്നില്ലങ്കില്‍, അത് ഏറ്റവും കൂടുതല്‍ അനുഭവിച്ച, മുഖ്യമന്ത്രിയുടെ അവസ്ഥ എന്തായിരിക്കും ? ഒരു വ്യക്തിയെയും കുടുംബത്തേയും എത്ര മോശമായി ചിത്രീകരിക്കാന്‍ പറ്റുമോ, അത്രയ്ക്കും മോശമായാണ് പിണറായിക്കെതിരായി പ്രചരണങ്ങള്‍ നടക്കുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ മേഖലയിലാണ് വിമര്‍ശനമെങ്കില്‍, പിണറായിക്കെതിരെ മാധ്യമങ്ങള്‍ തന്നെയാണ് നുണകള്‍ പ്രചരിപ്പിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍, ‘മ’ മാധ്യമങ്ങള്‍ മാത്രമല്ല, ‘എ’ മാധ്യമങ്ങളും മത്സരിക്കുകയാണ്. ഈ മാധ്യമ സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളും പകല്‍പോലെ വ്യക്തമാണ്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍, മാനേജ്‌മെന്റ് താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നാണ്, സി.പി.എം ആരോപിക്കുന്നത്.

മാധ്യമങ്ങള്‍ പടച്ച് വിടുന്ന നുണകള്‍, പര്‍വ്വതീകരിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോള്‍, അതിന് നിറങ്ങള്‍ പലതാണ്. ഇവിടെയാകട്ടെ, എഡിറ്റിങ്ങും നിയന്ത്രണങ്ങളും ഇല്ല. ആര്‍ക്കും എന്തും ആരോപിക്കാം, എങ്ങനെയും പരിഹസിക്കാം. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ കമന്റുകളും ഇടാം. സൈബര്‍ കേസുകള്‍ക്ക് മൂര്‍ച്ച ഇല്ലാത്തതിനാല്‍, അതു പോലും ഭയക്കേണ്ടന്ന അഹങ്കാരത്തിലാണ് ഈ വ്യക്തിഹത്യകളെല്ലാം നടക്കുന്നത്.’ആനയെ പട്ടിയാക്കി’ മാറ്റുന്ന പ്രചരണമാണിത്. ലാവ് ലിന്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും ഇപ്പോള്‍ പിണറായിയെ വേട്ടയാടുന്നതും, ഇതേ വിഭാഗമാണ്.

സ്വര്‍ണക്കടത്തുകേസിലെ പ്രതി, സ്വപ്ന താമസിച്ച ഹോട്ടലില്‍ നിന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലെത്താന്‍, രണ്ട് മിനുട്ടേ ഉള്ളുവെന്ന് പറഞ്ഞ് പോസ്റ്റിട്ടത് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദുകൃഷ്ണയാണ്. ഇത് ഏറ്റുപിടിച്ചതാകട്ടെ, ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുമാണ്. മുഖ്യമന്ത്രിക്ക്, സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ച് വിട്ട്, ഇതിനെല്ലാം എരിവ് പകരാനുള്ള ചുമതല, ഇവിടുത്തെ മാധ്യമങ്ങള്‍ക്കായിരുന്നു. അത് അവര്‍ ‘ഭംഗിയായി’ നിര്‍വഹിച്ചുകൊണ്ടിരിക്കുകയുമാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ്, ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചാല്‍, അതെങ്ങനെയാണ് ധിക്കാരമാവുക? ചോദിക്കേണ്ട ചോദ്യം തന്നെയാണിത്. മാധ്യമങ്ങള്‍ക്ക് എന്തും പ്രചരിപ്പിക്കാം, തിരിച്ച് ഒന്നും പറയാന്‍ പാടില്ലന്ന് പറഞ്ഞാല്‍ അത് എന്തായാലും വിലപ്പോവുകയില്ല. ഇക്കാര്യത്തില്‍, സി.പി.എം അണികളും പ്രതികരിക്കുക സ്വാഭാവികമാണ്. അവര്‍ ഓരോരുത്തരുടെയും പ്രതികരണങ്ങള്‍, എ.കെ.ജി സെന്ററില്‍ നിന്നും അനുമതി വാങ്ങിയിട്ടല്ല നടത്തുന്നത്.

ദേശാഭിമാനി ജീവനക്കാരന്റെ പോസ്റ്റിനെതിരെ, ആ മാധ്യമത്തിന്റെ ചീഫ് എഡിറ്റര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ലെന്നാണ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് വ്യക്തമാക്കിയിരിക്കുന്നത്. മോര്‍ഫിങ്ങുകളും നിര്‍മ്മിത കഥകളും വഴി, പാര്‍ടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി, സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികള്‍ നടത്തുന്നുണ്ടെങ്കിലും, തങ്ങള്‍ക്ക് അത്തരം രീതികളോട് യോജിപ്പില്ലെന്നും പി രാജീവ് പ്രസ്താവനയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇതു പോലെ വ്യക്തിഹത്യ നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ, ഏതെങ്കിലും മാധ്യമ ഉടമകള്‍ രംഗത്ത് വന്നിട്ടുണ്ടോ ? അങ്ങനെ ഒരു സംഭവം ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതാണോ ? വിമര്‍ശനം മാത്രമല്ല, സ്വയം വിമര്‍ശനങ്ങളും നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ഇക്കാര്യവും ഓര്‍ത്തുകൊള്ളണം. ഇല്ലാത്ത ചാരക്കേസുണ്ടാക്കി, നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞനെ, വര്‍ഷങ്ങളോളം വേട്ടയാടിയവരാണ് മാധ്യമങ്ങള്‍. ഇതുപോലെ മാധ്യമ വേട്ടയില്‍ ജീവിതം തകര്‍ന്ന, നിരവധി പേര്‍ ഇന്നും സംസ്ഥാനത്തുണ്ട്. ഇതൊന്നും ആരും മറന്നു പോകരുത്.

ഒരു കാലത്തും മാധ്യമ പരിളാലന ഏറ്റുവാങ്ങിയവരല്ല കമ്യൂണിസ്റ്റുകള്‍. അതിന് യോഗ്യര്‍ പ്രതിപക്ഷമാണ്. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി തന്നെ, പത്രമുത്തശ്ശിയുടെ സംഭാവനയാണ്. ഇങ്ങനെ എടുത്ത് പറയാന്‍ നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ട്. ക്യാമറക്ക് മുന്നില്‍ ഒരു പാട് മറച്ച് പിടിക്കാനുള്ള നേതാക്കള്‍ക്ക്, മാധ്യമ പ്രവര്‍ത്തകരെ കണ്ടാല്‍ മുട്ടിലിഴയേണ്ടി വരും. എന്നാല്‍, കമ്മ്യൂണിസ്റ്റുകള്‍ക്ക് അതിന്റെയൊന്നും ആവശ്യമില്ല. അവരുടെ യജമാന്‍മാര്‍ ജനങ്ങളാണ്, അല്ലാതെ മാധ്യമങ്ങളല്ല. ഭരണത്തില്‍ ഇരിക്കുമ്പോഴല്ല, പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ഇടതുപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കാറുള്ളത്. അതൊരു യാഥാര്‍ത്ഥ്യവുമാണ്.

കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍, തൂങ്ങി മരിക്കുമെന്ന് പറഞ്ഞ മാധ്യമ മുതലാളിയും, ഈ കേരളത്തിലാണ് ഉണ്ടായിരുന്നത്. ഈ ചരിത്രമൊക്കെ ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാണ്. കുത്തക മാധ്യമങ്ങള്‍ കമ്യൂണിസ്റ്റുകളെ പ്രശംസിക്കുന്നുവെങ്കില്‍, എന്തോ അപകടം വരാനുണ്ടെന്നാണ് അതിനര്‍ത്ഥം. കാലം, നമുക്ക് നല്‍കിയിരിക്കുന്ന പാഠവും അതാണ്. സര്‍വേകള്‍ അപ്രസക്തമായ സമയം നോക്കി, പ്രമുഖ ചാനല്‍ പുറത്ത് വിട്ട സര്‍വേയുടെ ഉദ്ദേശ ശുദ്ധി പോലും, സംശയകരമാണ്.

ഇടതുപക്ഷത്തിന് തുടര്‍ ഭരണം ചൂണ്ടിക്കാട്ടിയ ആ സര്‍വേ ഫലം, യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിനുള്ള ഒരു അപകട സിഗ്‌നലായിരുന്നു. ആ സന്ദേശം ഉള്‍ക്കൊണ്ടാണ്, യു.ഡി.എഫും ബി.ജെ.പിയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പാര്‍ട്ടികള്‍ക്ക് സഹായകരമായ നിലപാടാണ് മാധ്യമങ്ങളും സ്വീകരിച്ചുവരുന്നത്. പിണറായിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു തുടര്‍ ഭരണം, കുത്തക മാധ്യമങ്ങളും ആഗ്രഹിക്കുന്നില്ല. യു.ഡി.എഫ് ഭരണത്തില്‍ കിട്ടുന്ന പരിഗണന ലഭിക്കാത്തതാണ്, ഈ അസഹിഷ്ണുതയ്ക്ക് പ്രധാന കാരണം.

അതു കൊണ്ടാണ് ചെന്നിത്തല വാ തുറന്നാല്‍ വാര്‍ത്ത നല്‍കാന്‍ മത്സരിക്കുന്ന ചാനലുകള്‍, കോടിയേരിയുടെ പത്ര സമ്മേളനം ബഹിഷ്‌ക്കരിച്ചിരിക്കുന്നത്. മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത പണിയാണിത്. മാധ്യമങ്ങള്‍ എത്ര കള്ളം പ്രചരിപ്പിച്ചാലും, ബഹിഷ്‌ക്കരിച്ചാലും, ഒരു പോറല്‍ പോലും ഇടതുപക്ഷത്തിന് ഏല്‍ക്കുകയില്ല. സി.പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും കരുത്തിനെ ചോദ്യം ചെയ്യാനുള്ള ശക്തി, പ്രതിപക്ഷത്തിനുമില്ല.

ഭരണം ഇല്ലാത്ത കാലത്ത് പോലും, കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി സി.പി.എമ്മാണ്. ഏറ്റവും വലിയ തൊഴിലാളി സംഘടന സി.ഐ.ടി.യുവാണ്. വിദ്യാര്‍ത്ഥി സംഘടന രംഗത്ത് എതിരാളികളേക്കാള്‍, എത്രയോ മുന്നിലാണ് എസ്.എഫ്.ഐ. യുവജന സംഘടനകളില്‍ ഏറ്റവും ശക്തര്‍ ഡി.വൈ.എഫ്.ഐയാണ്. എല്ലാ മേഖലയിലെയും സ്ഥിതി ഇതുതന്നെയാണ്. ഇവിടങ്ങളിലെല്ലാം രണ്ടാം സ്ഥാനക്കാര്‍ ബഹുദൂരം പിന്നിലാണെന്ന കാര്യവും നാം മറന്നു പോകരുത്. ഈ കരുത്ത് കമ്യൂണിസ്റ്റുകള്‍ സ്വയം ആര്‍ജിച്ചതാണ്. അല്ലാതെ, മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച് നല്‍കിയതല്ല.

വിമര്‍ശനങ്ങള്‍, അത് . .ഏത് മധ്യമത്തിനും ഏത് മാധ്യമ പ്രവര്‍ത്തകനും ഉന്നയിക്കാം. അത് അവരുടെ കടമയാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പിന്നില്‍ ‘ഹിഡന്‍’ അജണ്ടകള്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ അത് ചോദ്യം ചെയ്യപ്പെടുന്നതും സ്വാഭാവികം തന്നെയാണ്.

Express View

Top