മന്ത്രിമാരെ കുരുക്കാൻ ‘കുഴിച്ചതിൽ’ മാധ്യമ പ്രവർത്തകനും വീണേക്കും ! !

സ്വർണ്ണക്കടത്തിനും ലൈഫിനും പിന്നാലെ, ഭൂമി വിവാദമാണിപ്പോൾ സംസ്ഥാനത്ത് അരങ്ങ് തകർക്കുന്നത്. രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200ഓളം ഏക്കർ ഭൂമി ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയെന്നാണ് പുതിയ ആരോപണം. ഒരു മന്ത്രി,​ ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് എൻഫോഴ്സ്മെൻ്റിന് വിവരം ലഭിച്ചതായും, കണ്ണൂർ സ്വദേശിയായ ബിനാമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

ഈ ആരോപണം ശരിയാണെങ്കിൽ, ഒരു നിമിഷം പോലും ഈ മന്ത്രിമാരെ, മന്ത്രിസഭയിൽ എന്നല്ല, പാർട്ടിയിൽ പോലും നിലനിർത്താൻ കഴിയുകയില്ല. അതേ സമയം, വാർത്ത തെറ്റാണെങ്കിൽ, ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സർക്കാറും തയ്യാറാകണം.കാരണം, ഇടതുപക്ഷ സർക്കാറിൻ്റെ പ്രതിച്ഛായക്ക് വലിയ വെല്ലുവിളിയാണ് ഈ വാർത്തകളിപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എൻഫോഴ്സ്മെൻ്റിന് ലഭിച്ച പരാതി പുറത്ത് വിട്ടതിൽ ‘ ഹിഡൻ അജണ്ട’ ഉണ്ടാകുനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന, സ്വപ്നയുടെ ശബ്ദരേഖക്ക് പിന്നാലെയാണ്, ഈ ഭൂമി ഇടപാട് സംബന്ധമായ പരാതിയും മാധ്യമങ്ങൾക്കിപ്പോൾ ചോർത്തി കിട്ടിയിരിക്കുന്നത്.

അതായത്, കേന്ദ്ര ഏജൻസികൾ പ്രകോപിതരാണെന്ന് വ്യക്തം.രഹസ്യമായി നടക്കേണ്ട അന്വേഷണ വിവരങ്ങൾ പുറത്ത് വിടുന്നത് തന്നെ, നിക്ഷിപ്ത താൽപ്പര്യം മൂലമാണ്. പരാതിക്കാരന് അതുണ്ടാകാം, പക്ഷേ ഒരു അന്വേഷണ ഏജൻസിക്കും അത്തരം നിലപാട് പാടുള്ളതല്ല. കേരളകൗമുദി പുറത്ത് വിട്ട വാർത്തയിൽ, അടുത്തയിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിലാണ്, ഈ ഇടപാട് നടന്നതെന്നാണ് പറയുന്നത്. തൊട്ട് കാണിച്ചിട്ടില്ലങ്കിലും ഏതാണ് ആ ഉദ്യോഗസ്ഥനെന്ന കാര്യം ഏറെക്കുറെ വ്യക്തമാണ്. വാർത്ത നൽകിയ മാധ്യമങ്ങൾ, മന്ത്രിമാരുടെയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെയും പേര് പുറത്ത് വിടാനും ഉടൻ തയ്യാറാവണം. എല്ലാ മന്ത്രിമാരെയും, ഐ.എ.എസ് ഉദ്യോഗസ്ഥരെയും സംശയത്തിൻ്റെ നിഴലിലാക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാരെന്നല്ല, ഏത് മന്ത്രി എന്ന് തന്നെ പറയണം.അന്വേഷണവും പരാതിയും സത്യസന്ധമാണെങ്കിൽ, ഇത് പറയാൻ മാത്രം എന്താണ് തടസ്സമുള്ളത് ?പ്രത്യേകിച്ച് പരാതിയിൽ പേര് പറഞ്ഞിട്ടുണ്ടെങ്കിൽ, ആരാണ് പരാതിക്കാരൻ, ആർക്കെതിരെയാണ് പരാതി എന്നത് പറയുക തന്നെ വേണം.

പേര് പറയാതിരിക്കാൻ ഇത് ഇൻ്റലിജൻസ് റിപ്പോർട്ട് ഒന്നും അല്ലന്നതും ഓർക്കണം. പരാതിയിൽ, മാധ്യമങ്ങൾക്ക് തന്നെ വിശ്വാസ്യത ഇല്ലാത്തത് കൊണ്ടാണ് പേര് പറയാതിരിക്കുന്നത് എന്ന് തന്നെ വേണം വിലയിരുത്താൻ. പിന്നെ എന്തിന് മന്ത്രിമാരെ പ്രതിക്കൂട്ടിൽ നിർത്തി വാർത്ത കൊടുത്തു എന്നതിൽ, ഇനി വിലയിരുത്തൽ നടത്തേണ്ടത് പൊതുസമൂഹമാണ്. രാജ്യത്തെ ഏത് മന്ത്രിമാർ അവിഹിതമായി സ്വത്ത് സമ്പാദിച്ചാലും, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്താനുള്ള ബാധ്യതയുണ്ട്. അതേ സമയം, രാഷ്ട്രീയ നേട്ടത്തിന് നൽകിയ പരാതിയാണെങ്കിൽ, അത് തിരിച്ചറിയാനുള്ള വിവേകം അവർക്കും ഉണ്ടാവണം.കാരണം, വിഷയം സെൻസിറ്റീവാണ്. പരാതിയിൽ അന്വേഷണം തുടങ്ങും മുൻപ് തന്നെ, ആരോപണ വിധേയരെ കുറ്റക്കാരാക്കി ചിത്രീകരിക്കുന്ന കാലമാണിത്.

മന്ത്രിമാർക്കെതിരെ അന്വേഷണമെന്ന വാർത്ത വന്നപ്പോൾ തന്നെ, ആദ്യം പ്രതികരിച്ചിരിക്കുന്നത് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്. തൊട്ടു പിന്നാലെ മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. ബിനാമി പേരിൽ രാജ്യത്ത് തന്നെ,ഏറ്റവും അധികം സ്വത്തുക്കൾ സമ്പാദിച്ച പാർട്ടിയുടെ നേതാക്കളാണ് ഇവരിൽ മിക്കവരും. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ, ഭൂമി വിവാദം ഗുണം ചെയ്യുമോയെന്നാണ് ഇവരെല്ലാം നോക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ അടി പതറിയാൽ, നിയമസഭ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രതീക്ഷകളെയാണ് അത് ബാധിക്കുക. പ്രതിപക്ഷത്തിന് കരുത്ത് പകരാനുള്ള ഒരു ബാധ്യതയും കേന്ദ്ര ഏജൻസികൾക്കില്ല. എന്നാൽ, അത് മറന്നാണിപ്പോൾ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതും അതു തന്നെയാണ്. കേന്ദ്ര സർക്കാറിൻ്റെ താൽപ്പര്യം നടപ്പാക്കാൻ കേന്ദ്ര ഏജൻസികളും, ചെറുക്കാൻ, ഭരണപക്ഷവുമാണിപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.ഇതിൻ്റെ ഭാഗമാണ് പുതിയ സംഭവ വികാസങ്ങൾ.

സ്വപ്നയുടെ പേരിലുള്ള ശബ്ദരേഖ കൂടി പുറത്ത് വന്നതോടെ സംസ്ഥാന സർക്കാറും, കേന്ദ്ര ഏജൻസികളും തമ്മിലുള്ള ബന്ധവും ഏറെ വഷളായിട്ടുണ്ട്. രണ്ട് വിഭാഗവും ബല പരീക്ഷണത്തിന് മുതിർന്നാൽ, അത് ഫെഡറൽ സംവിധാനത്തിനെയാണ് ബാധിക്കുക. കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേന്ദ്രം അവിവേകത്തിന് മുതിർന്നാൽ ഉദ്യേശിച്ച ഫലമല്ല ലഭിക്കുക. മോദി – പിണറായി ഫൈറ്റിലേക്ക് കാര്യങ്ങൾ നീണ്ടാൽ, അത് ഇടതുപക്ഷത്തിനാണ് ഏറെ ഗുണം ചെയ്യുക. കേരളത്തിൻ്റെ പൊതു ബോധത്തിൽ വില്ലൻമാർ അമിത് ഷായും മോദിയുമാണ്.ഈ ശക്തികളെ എതിർക്കുന്നവരെയാണ് ജനങ്ങൾ ഹീറോകളായി കാണുക. കേന്ദ്രവുമായി ഏറ്റുമുട്ടിയപ്പോഴക്കെ, ആ പരിഗണന ഇടതുപക്ഷത്തിന് ആവോളം കിട്ടിയിട്ടുമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ 80 ലക്ഷം പേരാണ് അണിനിരന്നത്.

യു.ഡി.എഫിൻ്റെ പരമ്പരാഗത വോട്ട് ബാങ്കിൽ കൂടിയാണ് മനുഷ്യ ശൃംഖല വിള്ളൽ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ, കേന്ദ്രത്തിനെതിരായ ചുവപ്പിൻ്റെ യുദ്ധപ്രഖ്യാപനവും, ന്യൂനപക്ഷ കേന്ദ്രങ്ങളിൽ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികൾക്ക് കയ്യടിക്കുന്ന യു.ഡി.എഫ് നേതൃത്വം, ഇക്കാര്യവും തിരിച്ചറിയുന്നത് നല്ലതാണ്. അതേസമയം, ഭൂമി വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ, സംസ്ഥാന ഇൻ്റലിജൻസും നിലവിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാർത്തയിൽ പറയുന്ന മുൻ ഐ.എ.എസ് ഉന്നതനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ, സുപ്രധാനമായ ചില വിവരങ്ങൾ ഇൻ്റലിജൻസിന് ലഭിച്ചതായാണ് സൂചന.

പ്രതിപക്ഷ നേതാക്കളുമായി ഏറെ അടുപ്പമുള്ള തലസ്ഥാനത്തെ വിവാദ മാധ്യമ പ്രവർത്തകന്, ഈ മുൻ ഐ.എ.എസ് ഓഫീസറുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യമാണ് വ്യക്തമായിരിക്കുന്നത്. ഇരുവരും തമ്മിൽ പല ഇടപാടുകളും നടത്തിയതായ വിവരങ്ങളും,” ഇൻ്റലിജൻസിന് കിട്ടിയിട്ടുണ്ട്. രഹസ്യവിവരമായതിനാൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. സർക്കാറിനെതിരായ ഗൂഢാലോചന അണിയറയിൽ നടക്കുന്നുണ്ടെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ, ഇൻ്റലിജൻസും ഗൗരവമായാണ് ഇപ്പോൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.

Top