പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു മരണം. 95 വയസ്സായിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.

നയതന്ത്ര വിദഗ്ദ്ധന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ് കുല്‍ദീപ് നയ്യാര്‍. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

‘അന്‍ജാം’ എന്ന ഉര്‍ദു പത്രത്തിലായിരുന്നു നയ്യറുടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. തുടര്‍ന്നു അമേരിക്കയിലെ ഇല്യൂനോവിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദമെടുത്തു.

അദ്ദേഹത്തിന്റെ വരികള്‍ക്കിടയില്‍’ (Between The Lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എണ്‍പതോളം അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ബിറ്റ്‌വീന്‍ ദ ലൈന്‍സ്’, ‘ഡിസ്റ്റന്റ് നൈബേഴ്‌സ്: എ ടെയ്ല്‍ ഓഫ് സബ്‌കോണ്ടിനന്റെ്’, ‘ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു’, ‘വാള്‍ അറ്റ് വാഗാ : ഇന്ത്യാ-പാകിസ്താന്‍ റിലേഷന്‍ഷിപ്പ്’, ‘ഇന്ത്യാ ഹൗസ്’ എന്നിവയാണ് പ്രധാനകൃതികള്‍.

Top