അപമര്യാദയായി പെരുമാറി; സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ മാധ്യമപ്രവര്‍ത്തൻ
കടവില്‍ റഷീദ് പൊലീസില്‍ പരാതി നല്‍കി.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഇന്ന് തിരുവനന്തപുരം പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടെ ഇവരും കണ്ടാലറിയാവുന്ന മറ്റു പത്തു പേരും ചേര്‍ന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് മാധ്യമപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി നടേശനെതിരായ വാർത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുൻ ഡിജിപി ടി പി സെൻകുമാർ തട്ടിക്കയറുകയായിരുന്നു. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്. താങ്കൾ ഡിജിപിയായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനായി. താന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെന്‍കുമാര്‍ ചോദിച്ചു. അയാളെ പിടിക്കാന്‍ അനുയായികള്‍ക്കു നിര്‍ദ്ദേശവും നല്‍കി. മാധ്യമപ്രവര്‍ത്തകനോടു മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടു. ഇതോടെയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

Top