സെന്‍കുമാറിന്റേത് ഗുണ്ടായിസം; അപലപിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാറിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്. സെന്‍കുമാറിന്റെ നടപടി ഗുണ്ടായിസമാണെന്നും പോലീസ് കേസെടുക്കണമെന്നും കെയുഡബ്യൂജെ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

പത്രകുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഗുണ്ടായിസം കാണിച്ച മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ നടപടിയെ കെയുഡബ്യൂജെ അതിശക്തമായി അപലപിക്കുന്നു. പണ്ടിരുന്ന കസേരയുടെ ഹുങ്കില്‍ എക്കാലവും ലോകത്തെ വിറപ്പിച്ചു നിര്‍ത്താമെന്നു കരുതുന്നവര്‍ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഏകാധിപത്യത്തിന്റെ വിട്ടുമാറാത്ത അസ്‌കിതയില്‍, തങ്ങള്‍ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാന്‍മൂളികളാണു മാധ്യമപ്രവര്‍ത്തകര്‍ എന്നു ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാന്‍ കഴിയൂ. വാര്‍ത്താസമ്മേളനത്തില്‍ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയല്‍ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്റെ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയില്‍ തള്ളേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകരെുട ആസ്ഥാനത്ത് ശാരീരിക വൈഷമ്യങ്ങളുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്ത മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കുകയാണു പോലീസ് ചെയ്യേണ്ടത്.

താന്‍ പറയാന്‍ വന്നതു മാത്രമേ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കാന്‍ പാടുള്ളൂ എന്ന ശാഠ്യത്തിലൂടെ അധികാരപ്രമത്തതയുടെ നേര്‍ അവകാശിയാണ് താന്‍ എന്ന് സെന്‍കുമാര്‍ തെളിയിക്കുകയാണ്. ചോദ്യത്തിന് മറുപടി നല്‍കാതിരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നയാള്‍ക്കു സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചോദ്യത്തിന് വിലങ്ങിടാന്‍ ആര്‍ക്കും അധികാരമില്ല. എന്തു പിന്‍ബലത്തിലായാലും ആ അധികാരം വകവെച്ചുകൊടുക്കാന്‍ മാധ്യമ സമൂഹത്തിനു സൗകര്യപ്പെടില്ല. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു നേതാക്കളോടും ചോദ്യങ്ങള്‍ ഉന്നയിച്ചുതന്നെയാണ് മാധ്യമപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. അതറിയാത്ത ആളല്ല സെന്‍കുമാര്‍. എന്നിട്ടും തികഞ്ഞ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു മുന്‍ ഡിജിപി.

വാര്‍ത്താസമ്മേളന ഹാളില്‍ ക്രിമിനല്‍ മനസ്സുള്ള അനുയായിക്കൂട്ടത്തെ നിറച്ചിരുത്താന്‍ ആരാണ് ഇയാള്‍ക്ക് അനുവാദം നല്‍കിയത് ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് ഇവിടെ വരൂ എന്ന് ആജ്ഞാപിക്കാനും പിടിച്ചുപുറത്താക്കാന്‍ നിര്‍ദേശിക്കാനും മുന്‍ ഡി.ജി.പിക്കെന്നല്ല ഒരാള്‍ക്കും ഒരു ഭരണഘടനയും അധികാരം നല്‍കിയിട്ടില്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

എസ്എന്‍ഡിപി യൂണിയനെതിരേ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും സുഭാഷ് വാസുവും നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ അപമാനിക്കുകയും ഒരു സംഘം കൈയേറ്റം ചെയ്യുകയും ചെയ്തത്. തന്നെ ഡിജിപിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

ചോദ്യം കേട്ടതോടെ സെന്‍കുമാര്‍ ക്ഷുഭിതനായി. താന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെന്‍കുമാര്‍ ചോദിച്ചു. അയാളെ പിടിക്കാന്‍ അനുയായികള്‍ക്കു നിര്‍ദ്ദേശവും നല്‍കി. മാധ്യമപ്രവര്‍ത്തകനോടു മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടു. ഇതോടെയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

Top