മോദിയെയും ബിജെപിയെയും വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകന് 12 മാസം തടവ്ശിക്ഷ

ഇംഫാല്‍: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തടവുശിക്ഷ. മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോരി ചന്ദ്ര വാങ്കേമിനെയാണ് ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ തടവുശിക്ഷയ്ക്ക് വിധിച്ചത്.

ഒരു പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടറായിരുന്നു കിഷോരി ചന്ദ്ര. കഴിഞ്ഞ മാസം 27 ന് സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും തടസം സൃഷ്ടിക്കുന്നുവെന്ന പേരില്‍ കിഷോരിയെ കസ്റ്റഡിയിലെടുത്തിരുന്നു. മോദിയേയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈറണ്‍ സിങ്ങിനേയും വിമര്‍ശിച്ചു കൊണ്ട് ഫെയ്സ്സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ബൈറന്‍ സിങ്ങിനെ മോദിയുടെ കളിപ്പാവ എന്നു വീഡിയോയില്‍ വിശേഷിപ്പിച്ചെന്നായിരുന്നു ആരോപണം. മാത്രമല്ല, മണിപ്പൂരിന് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത രജപുത്ര റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷിക പരിപാടി സംഘടിപ്പിച്ച ആര്‍.എസ്.എസിനേയും വീഡിയോയില്‍ വിമര്‍ശിച്ചിരുന്നു. സംഭവത്തിന് ശേഷമാണ് അറസ്റ്റ് എന്നാണ് ആരോപണം. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയാണ് ഒരു വര്‍ഷത്തെ തടവ്. ഇതിനെ നിയമപരമായി നേരിടുമെന്ന് കിഷോരിചന്ദ്രയുടെ കുടുംബം പറഞ്ഞു.

ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ കിഷോരി ചാനലിലെ ജോലി രാജി വെച്ചതായാണ് അറിയുന്നത്. സംഭവത്തില്‍ ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയനില്‍ നിന്നും കിഷോരിക്ക് പിന്തുണയൊന്നും ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന നിലപാടാണ് മണിപ്പൂരിലെ ജേണലിസ്റ്റ് യൂണിയന്‍ സ്വീകരിച്ചത്.

Top