ഗൗരി ലങ്കേഷ് വധം; കൊലയാളികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന ബൈക്കുകള്‍ കണ്ടെടുത്തു

gauri lankesh

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ബൈക്കുകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.

കേസില്‍ പിടിയിലായ എച്ച്.എല്‍. സുരേഷിന്റെ ബന്ധുക്കളുടെ താമസ സ്ഥലങ്ങളില്‍ നിന്നാണ് രണ്ട് ബൈക്കും കണ്ടെത്തിയത്. സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് കര്‍ണാടകയിലെ തുമകുരുവിലെ കുനിഗലിലില്‍ നിന്നും ബൈക്കുകള്‍ പിടിച്ചെടുത്തത്.

എന്നാല്‍ കൊലപാതകം നടത്താന്‍ ഈ ബൈക്കുകളാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കൊലയാളിയായ പരശുറാം വാഗ്മറെക്ക് താമസസ്ഥലം ഒരുക്കി നല്‍കിയതും കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ഹെല്‍മറ്റുകളും നശിപ്പിച്ചതും സുരേഷാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Top