ഗൗ​രി ല​ങ്കേ​ഷി​ന്റെ മൃ​ത​ദേ​ഹം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു

ബംഗളുരു: അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്‌കരിച്ചു.

പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

ബംഗളുരുവിലെ ചാംരാജ് സെമിത്തേരിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ആയിരത്തിലേറെപ്പേര്‍ പങ്കെടുത്തു. ലങ്കേഷിന്റെ അവസാന ആഗ്രഹമായ കണ്ണുകളുടെ ദാനം വിക്ടോറിയ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ പൂര്‍ത്തിയാക്കിയതായി ഇന്ദ്രേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കര്‍ണാടകയില്‍ പുറത്തിറങ്ങുന്ന ‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷിന് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെടിയേറ്റത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം.

മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ.

കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

Top