സ്‌കൂളില്‍ റൊട്ടിക്കൊപ്പം ഉപ്പ് വിളമ്പിയ സംഭവം: വാര്‍ത്ത പുറത്ത് വിട്ട മാധ്യമ പ്രവര്‍ത്തകനെതിരേ കേസ്‌

ലഖ്‌നൗ: മിര്‍സാപ്പൂരിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന റൊട്ടിക്കൊപ്പം ഉപ്പ് വിളമ്പിയ വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെതിരേ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നല്‍കുന്ന വാര്‍ത്ത കഴിഞ്ഞ മാസമാണ് വലിയ വാര്‍ത്തയായതും തുടര്‍ന്ന് വിവാദത്തിന് ഇടയായതും.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൂടാതെ നിശ്ചിത ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണമെന്നും ഭക്ഷണചാര്‍ട്ടിലുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും റൊട്ടിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നല്‍കാറുള്ളുവെന്ന രക്ഷിതാക്കളുടെ പരാതിയും ദൃശ്യങ്ങളും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.

വീഡിയോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്സ്വാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകനെതിരേ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടിരുന്നത്.ഒരു സ്ത്രീ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി റൊട്ടിയും മറ്റൊരു സ്ത്രീ ഉപ്പും വിളമ്പുന്ന വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നത്.

ഈ സംഭവത്തിന് പിന്നാലെ രാംപുരിലെ പ്രൈമറി സ്‌കൂളില്‍ ദലിത് കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് പറഞ്ഞ് മേല്‍ ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവരുന്നതായുള്ള വാര്‍ത്തയും വിവാദത്തിന് ഇടയാക്കിയിരുന്നു. ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടിരുന്നത്.

Top