മോദിയുടെ മണ്ഡലത്തിൽ ജനങ്ങൾ പട്ടിണിയിൽ: ലേഖനമെഴുതിയ മാധ്യമപ്രവർത്തകക്കെതിരെ കേസ്​

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ക്രോള്‍ ഇന്‍ ലേഖിക സുപ്രിയ ശര്‍മക്കെതിരെയാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വാരാണസിയിലെ ഗ്രാമത്തില്‍ ജനങ്ങള്‍ പട്ടിണിയില്‍ എന്ന തലക്കെട്ടോടെയായിരുന്നു ലേഖനം.

അപകീര്‍ത്തിപ്പെടുത്തല്‍, പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം, പട്ടികജാതി -പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുപ്രിയക്കെതിരെ കേസെടുത്തിരിക്കുന്നത്.

ലേഖനത്തില്‍ ലോക്ഡൗണില്‍ സൗജന്യ റേഷന്‍ ലഭിക്കാത്തതിനാല്‍ പട്ടിണിയാണെന്ന് പറയുന്ന വാരാണസിയിലെ ദൊമാരി പ്രദേശത്തെ മാല എന്ന സ്ത്രീയുടെ വിവരണവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ അത്തരത്തിലൊരു പരാമര്‍ശവും നടത്തിയില്ലെന്നും തെറ്റായി വ്യാഖ്യാനിച്ചുവെന്നും ചൂണ്ടിക്കാട്ടി മാല തന്നെയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ 13 ന് സുപ്രിയക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ലോക്ഡൗണ്‍ സമയത്ത് യാതൊരു പ്രശ്‌നവും നേരിട്ടിട്ടില്ല. ഞാനും കുട്ടികളും പട്ടിണിയായിരുന്നു എന്ന് പറഞ്ഞതിലൂടെ ലേഖിക എന്റെ ദാരിദ്ര്യത്തെയും ജാതിയെയും പരിഹസിക്കുകയായിരുന്നു – മാല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി സ്‌ക്രോള്‍ വ്യക്തമാക്കി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഭീഷണിപ്പെടുത്തി തടയാനും നിശബ്ദമാക്കാനുമുള്ള ശ്രമമാണ് കേസെന്നും ലോക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ ജീവിതസാഹചര്യങ്ങള്‍ പുറത്തുവരുന്നത് തടയാനുള്ള ശ്രമമാണെന്നും സ്‌ക്രോള്‍ വ്യക്തമാക്കി.

Top