മോദിയുടെ പേര് പരാമര്‍ശിക്കരുതെന്ന് ചാനല്‍ എഡിറ്റര്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍

modi

ന്യൂഡല്‍ഹി:എബിപി ന്യൂസ് ചാനല്‍ മാനേജ്മെന്റിന് എതിരെ വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍ പുണ്യ പ്രസൂന്‍ ബാജ്പേയ്. തന്റെ പ്രൈംടൈം ഷോയായ മാസ്റ്റര്‍സ്ട്രോക്കിലെ സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിക്കുന്ന ഭാഗത്തു നിന്ന് നരേന്ദ്ര മോദിയുടെ പേര് ഒഴിവാക്കണമെന്ന് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആവശ്യപ്പെട്ടെന്ന് ദ് വയറില്‍ എഴുതിയ ലേഖനത്തില്‍ വാജ്‌പേയ് പറയുന്നു. ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് എബിപി.

മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞോളു, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലുള്ള പാകപിഴകള്‍ ചൂണ്ടിക്കാണിച്ചോളു, ബന്ധപ്പെട്ട മന്ത്രാലയത്തിലെ മന്ത്രിയുടെ പേരും പറഞ്ഞോളു. പക്ഷെ, മോദിയുടെ പേര് മാത്രം പരാമര്‍ശിക്കരുതെന്ന് ന്യൂസ് എഡിറ്റര്‍ ആവശ്യപ്പെട്ടു.

എല്ലാ സര്‍ക്കാര്‍ പദ്ധതികളും പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയാണ്. എല്ലാ മന്ത്രാലയങ്ങളുടെ പ്രവൃത്തിയിലും അദ്ദേഹം ഇടപെടുന്നു. എന്ത് പറയുമ്പോഴും മന്ത്രിമാരും മറ്റും നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കുന്നു. പിന്നെ മോദിയുടെ പേര് പറയാതിരിക്കുന്നത് എങ്ങനെയാണെന്ന് പുണ്യ പ്രസൂല്‍ തിരിച്ച് ചോദിച്ചെന്നും ലേഖനം വിവരിക്കുന്നു.

തന്റെ വരുമാനം വര്‍ദ്ധിച്ചുവെന്ന ചത്തീസ്ഗഡിലെ കര്‍ഷക സ്ത്രീയുടെ പ്രസ്താവന വ്യാജമാണെന്ന എബിപി വാര്‍ത്തയ്ക്ക് പിന്നാലെ മോദി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ചാനലിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന്, എബിപി ന്യൂസ് മാനേജിങ് എഡിറ്റര്‍ മിലിന്ദ് ഖണ്ഡേക്കര്‍ രാജിവെച്ചു. ഇത് ചാനല്‍ ആവശ്യപ്പെട്ടിട്ടാണെന്നും പിന്നില്‍ ബിജെപി സമ്മര്‍ദ്ദമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുണ്യ പ്രസൂണിന്റെ ലേഖനം.

മാസ്റ്റര്‍സ്ട്രോക്കിന്റെ പ്രക്ഷേപണത്തിന് പിന്നാലെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ച് അനന്തരഫലങ്ങള്‍ കഠിനമാണന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് എബിപി ന്യൂസിന്റെ സിഗ്‌നലില്‍ തടസ്സങ്ങള്‍ തുടങ്ങിയത്. എബിപി ന്യൂസിന്റെ പരസ്യദാതാക്കളെയും ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ രാജിക്ക് ശേഷം സിഗ്‌നല്‍ തടസ്സങ്ങള്‍ നീങ്ങിയെന്നും പരസ്യങ്ങള്‍ തിരികെ വന്നുവെന്നും അദ്ദേഹം പറയുന്നു.

മാസ്റ്റര്‍സ്ട്രോക്കിലെ ചത്തീസ്ഗഡ് റിപ്പോര്‍ട്ടിന് ശേഷം ചാനലിന്റെ റെയ്റ്റിങ് ഉയര്‍ന്നുവെങ്കിലും ബിജെപി ചാനലിനെ ബഹിഷ്‌കരിക്കാന്‍ തുടങ്ങി. ബിജെപിയും സര്‍ക്കാരും ചാനലിന്റെ ആനുവല്‍ സമ്മിറ്റില്‍ സഹകരിച്ചില്ല. സര്‍ക്കാരിനെ എതിര്‍ത്താല്‍ നിങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നുള്ള സന്ദേശമായിരുന്നു ഇത്. സീറോ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ് ഒഴിവാക്കി സര്‍ക്കാര്‍ പുകഴ്ത്തലുകള്‍ മാത്രം മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

പതഞ്ജലി പിന്‍വലിച്ച പരസ്യങ്ങള്‍ പുണ്യ പ്രസൂണിന്റെ രാജിക്ക് പിന്നാലെ ചാനലില്‍ തിരികെ എത്തിയെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞു.

Top