ജോഷി- സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ ഈ മാസമെത്തും

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം പാപ്പന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 29 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സുരേഷ് ഗോപി തന്നെയാണ് റിലീസ് തീയതി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ‘ലേലം’, ‘പത്രം’, ‘വാഴുന്നോര്‍’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയും ചിത്രത്തിലെത്തുന്നുണ്ട്. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

 

Top