ഈ നടനില്‍ ഞാന്‍ തിലകനെ കണ്ടു;മനസ്സ് തുറന്ന് ജോഷി

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15ന് തിയറ്ററുകളില്‍ എത്താനിരിക്കെ ചിത്രത്തിലെ നായകന്‍മാരെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ജോഷി.

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍ . തിലകനില്‍ താന്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദ് ജോസില്‍ കണ്ടു എന്നാണ് ജോഷി പറയുന്നത്.നല്ല പോലെ ബോധ്യം വന്ന ചിത്രത്തിലേ ചെമ്പന്‍ വിനോദ് അഭിനയിക്കൂ. നല്ലൊരു നടന്റെ ലക്ഷണമാണെന്നും ജോഷി പറഞ്ഞു.

ജോജു വളരെ വലിയ കഴിവുള്ള ഒരു നടനാണെന്നും ബെസ്റ്റ് ആക്ടര്‍ മുതല്‍ ജോജുവിനെ ശ്രദ്ധിക്കുന്നുണ്ടെന്നും,
ജോസഫ് കണ്ടതോടെ താരം ഒരുപാട് റേഞ്ചുള്ള താരമാണെന്ന് ബോധ്യമായയെന്നും ജോഷി പറഞ്ഞു

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, എന്നിവരെ കൂടാതെ നൈല ഉഷയാണ് മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദുമാണ് വേഷമിടുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ശ്യാം ശശിധരനുമാണ്.ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

Top