ചുവപ്പണിയാൻ ജോസഫിന് മോഹം, ചെമ്പടയുടെ നിലപാട് നിർണ്ണായകം

കേരളത്തിലെ ഏറ്റവും വലിയ അവസരവാദ കൂട്ടമാണ് കേരള കോണ്‍ഗ്രസ്സ്. പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്സ് എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

‘വീട്ടില്‍ വന്ന് കയറിയവന്‍ വീടു കയ്യേറിയ അവസ്ഥയാണ്’ , ജോസഫ് കേരള കോണ്‍ഗ്രസ്സില്‍ ഉണ്ടാക്കിയിരിക്കുന്നത്.

കെ.എം മാണി ക്ഷണിച്ച് കൊണ്ടുവന്നാണ് ജോസഫ് വിഭാഗത്തെ ലയിപ്പിച്ചിരുന്നത്. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും ജോസഫിന് നല്‍കുകയുണ്ടായി.ജോസഫിന്റെ ‘വലം കൈ’ ആയിരുന്ന ഫ്രാന്‍സിസ് ജോര്‍ജും, ആന്റണി രാജുവും, ഇടതുപക്ഷത്തേക്ക് പോയപ്പോള്‍ പോലും, മാണി വിഭാഗം ജോസഫിനെ കുറ്റപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ജോസഫ് ചെയ്തതാകട്ടെ, കൊടും വഞ്ചനയാണ്. മാണിയുടെ മരണത്തോടെ, കേരളാ കോണ്‍ഗ്രസിനെ വിഴുങ്ങാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്.


ജോസ്.കെ മാണിയുമായി ഏറ്റുമുട്ടി, പാര്‍ട്ടി ചിഹ്നത്തിന്റെ കാര്യത്തില്‍ താല്‍ക്കാലിക വിജയവും,ജോസഫ് വിഭാഗം നേടുകയുണ്ടായി. നിയമപരമായ പോരാട്ടം തുടരുകയാണെങ്കിലും, കേരള കോണ്‍ഗ്രസ്സിന്റെ സ്വത്തുക്കള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റാനാണ്, ജോസഫ് വിഭാഗം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അവസരവാദികളായ, മാണി വിഭാഗത്തിലെ ചില നേതാക്കളുടെ പിന്തുണയും, ഇക്കാര്യത്തില്‍ ജോസഫിനുണ്ട്.

ഈ വിഭാഗത്തിന് കരുത്ത് പകരാനാണ് കേരള കോണ്‍ഗ്രസ്സ് ബിയില്‍ നിന്നും, ജോണി നെല്ലൂരിനെയും ഇപ്പോള്‍ അടര്‍ത്തിയെടുത്തിരിക്കുന്നത്. യുഡിഎഫുമായി വിലപേശാനും ഈ അവസരത്തെ ജോസഫ് ഉപയോഗപ്പെടുത്തുന്നുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ യു.ഡി.എഫ്. വിടുമെന്നാണ് പുതിയ ഭീഷണി. ജോസ് പക്ഷത്തെ ഒഴിവാക്കി ഈ സ്ഥാനം കിട്ടണമെന്നതാണ് ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ നിലപാട് തന്നെ പരിഹാസ്യമാണ്.

ഇനി മുന്നണിയില്‍ തുടരുന്നതുകൊണ്ടു പ്രത്യേകിച്ച് നേട്ടമില്ലെന്ന അഭിപ്രായത്തിലാണ് ജോസഫ് വിഭാഗം. നിലവില്‍ ജോസ് വിഭാഗത്തിന്റെ കൈവശമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമുള്ളത്. യു.ഡി.എഫ് വിട്ടുകഴിഞ്ഞാല്‍, ഇടതുമുന്നണിയെ തന്നെയാണ് ജോസഫ് ലക്ഷ്യം വയ്ക്കുന്നത്.

യു.ഡി.എഫില്‍ തങ്ങളുടെ ആവശ്യകത, എത്രത്തോളമെന്ന് അളക്കാനുള്ള ഉപാധികൂടിയായാണ്, ജോസഫ് പക്ഷം കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ കാണുന്നത്. ഇപ്പോള്‍ ഈ ആവശ്യം അംഗീകരിച്ചുതരാന്‍ മുന്നണി നേതൃത്വം തയാറാകുന്നില്ലെങ്കില്‍, വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ വലിയ നഷ്ടവും അവര്‍ക്ക് നേരിടേണ്ടിവരും.

വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍നിന്നും പല നേതാക്കളും ജോസഫ് പക്ഷത്ത് എത്തിയ സാഹചര്യത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പരിഗണനയാണ് നേതൃത്വം ആഗ്രഹിക്കുന്നത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാക്കളില്‍ പ്രമുഖര്‍ക്കെങ്കിലും സീറ്റുകള്‍ നല്‍കണമെങ്കില്‍, കഴിഞ്ഞതവണ ലഭിച്ചതിനെക്കാള്‍ സീറ്റുകളും ആവശ്യമായി വരും. എന്നാല്‍ ഇപ്പോഴത്തെ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍, കഴിഞ്ഞതവണത്തെ സീറ്റുകള്‍ പോലും അവര്‍ക്ക് ലഭിക്കില്ല. മോന്‍സ് ജോസഫ് മത്സരിക്കുന്ന കടുത്തുരുത്തിയും, സി.എഫ്. തോമസിന്റെ ചങ്ങനാശേരിയും, വിട്ട് കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് പക്ഷവുമുള്ളത്. ജോസഫിനെ ഏറെ പ്രതിരോധത്തിലാക്കുന്ന നിലപാടാണിത്. ഈ രണ്ടു സീറ്റുകളും തങ്ങളുടെ അക്കൗണ്ടിലുള്ളതാണെന്ന നിലപാടാണ് ജോസ് വിഭാഗത്തിനുള്ളത്.

ഇതിന് പുറമെ ജോണിനെല്ലൂര്‍, ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കും ജോസഫ് സീറ്റുകള്‍ നല്‍കേണ്ടിവരും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനും സാധ്യതയില്ല. ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനോട്, കോണ്‍ഗ്രസ് നേതൃത്വത്തിനും താല്‍പര്യമില്ല. ജോസഫിന്റെ കാലശേഷം ആ വിഭാഗം തന്നെ ഇല്ലാതാകുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിലയിരുത്തുന്നത്. ഏതാനും നേതാക്കളുടെ കൂട്ടമായി മാത്രമാണ്, ജോസഫ് വിഭാഗത്തെ അവരും നോക്കി കാണുന്നത്. കേരളാ കോണ്‍ഗ്രസ് അണികളുടെ പിന്തുണ പോലും യഥാര്‍ത്ഥത്തില്‍ ഈ വിഭാഗത്തിനില്ല.

എന്നാല്‍, അധികാര മോഹത്തിന്, പ്രായവും രോഗങ്ങളും തടസ്സമാകില്ലന്നാണ് ജോസഫ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നത്.

യു.ഡി.എഫില്‍ നിന്നാല്‍ പണി പാളുമെന്ന് കണ്ട് ഇടതുപക്ഷത്തേക്ക് ചാടാനാണ് നിലവില്‍ ശ്രമിക്കുന്നത്. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് അദ്ദേഹം നിലവില്‍ നടത്തി കൊണ്ടിരിക്കുന്നത്.

ജോസഫിന്റെ ഈ അധികാര മോഹത്തിന്, ഒരിക്കലും ഇടതുപക്ഷം ചുവപ്പ് പരവതാനി വിരിക്കരുത്.

ഇടതു മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന്, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍, മറുകണ്ടം ചാടിയതും ശരിക്കും ഓര്‍മ്മ വേണം.

പിണറായി സര്‍ക്കാറിന് തുടര്‍ ഭരണമുണ്ടാകുമെന്ന, വിലയിരുത്തലില്‍ കൂടിയാണ്, ജോസഫ് ഇപ്പോള്‍, മുന്നണി മാറ്റം ആഗ്രഹിക്കുന്നത്.

ഒരു വാര്‍ഡില്‍ പോലും സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശേഷി, ജോസഫ് വിഭാഗത്തിന് കേരളത്തിലില്ല. കേരള കോണ്‍ഗ്രസ്സില്‍, അണികളുടെ പിന്തുണയും ജോസ് കെ മാണി വിഭാഗത്തിന് മാത്രമാണുള്ളത്. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടാണ് യു.ഡി.എഫ് നേതൃത്വവും ജോസഫിനെ തഴഞ്ഞുകൊണ്ടിരിക്കുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍, മുസ്ലീംലീഗും, കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവും മാത്രമാണ് കരുത്തര്‍. മറ്റൊരു വിഭാഗത്തിനും, ഒരു സ്വാധീനവും ഇല്ല.

ഇടതുപക്ഷത്താകട്ടെ സി.പി.എമ്മിന് മാത്രമാണ് വലിയ ജനസമ്മതി ഉള്ളത്.സി.പി.ഐയുടെ സ്വാധീനം ഏതാനും ജില്ലകളില്‍ മാത്രമാണുള്ളത്. ബാക്കി ഘടകകക്ഷികളെല്ലാം വെറും ‘പട’ങ്ങളാണ്. സി.പി.എം വോട്ട് കൊണ്ട് മാത്രം വിജയിക്കുന്ന പാര്‍ട്ടികളാണിത്. ഈ ലിസ്റ്റിലേക്ക് ജോസഫ് വിഭാഗത്തെ കൂടി ചേര്‍ത്താല്‍, അതായിരിക്കും, ‘ചരിത്രപരമായ വിഡ്ഢിത്തമായി മാറുക.

Express View

Top