ജോസഫ് പക്ഷത്തെ ദുര്‍ബലപ്പെടുത്തില്ല: യുഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: ജോസഫ് പക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു തീരുമാനവും കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അഭിപ്രായം ആരായുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് വിഷയത്തില്‍
തീരുമാനമെടുക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

ജോസ് കെ മാണി ഇടത് പാളയത്തിലെത്തിയതോടെ തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളിലും ജോസഫ് പക്ഷം അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച 15 നിയമസഭാ സീറ്റുകളും ഇക്കുറിയും കിട്ടണമെന്നാണ് ജോസഫിന്റെ ആവശ്യം.

തദേശ തെരഞ്ഞെടുപ്പില്‍ 1212 സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ഇക്കാര്യം യുഡിഎഫില്‍ ആവശ്യപ്പെട്ടതായും പിജെ ജോസഫ് പറഞ്ഞു. എന്നാല്‍ ജോസഫിന്റെ ആവശ്യം കോണ്‍ഗ്രസും യുഡിഎഫും തള്ളുന്നു. അഞ്ച് മുതല്‍ 7 സീറ്റ് വരെയാണ് ജോസഫിന് യുഡിഎഫ് വാഗ്ദാനം. ജോസ് കെ മാണി മുന്നണി വിട്ടതോടെ മധ്യകേരളത്തില്‍ അവര്‍ മത്സരിച്ചിരുന്ന സീറ്റുകളില്‍ കോണ്‍ഗ്രസിന് നോട്ടമുണ്ട്.

Top