നിലപാടലുറച്ച് ജോസഫ് വിഭാഗം; ഔദ്യോഗിക വിഭാഗമെന്ന് സ്ഥാപിക്കാന്‍ നിയമപോരാട്ടം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ അംഗീകരിക്കില്ലെന്ന നിലപാടിലുറച്ച് പി.ജെ. ജോസഫ് വിഭാഗം. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാന്‍ നിയമപോരാട്ടത്തിനിറങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ് ജോസഫ് വിഭാഗം. അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുന്നതും ആലോചനയിലുണ്ട്. ഭാവി കാര്യങ്ങള്‍ ആലോചിക്കാനായി പി.ജെ. ജോസഫ് വിളിച്ച യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി.എഫ് തോമസും പങ്കെടുത്തു.

സി.എഫ് തോമസിനെ യോഗത്തിലെത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ജോസഫ് വിഭാഗം വിലയിരുത്തുന്നത്. ഇതോടെ ആകെയുള്ള അഞ്ച് എം.എല്‍.എമാരില്‍ മൂന്ന് പേരും ജോസഫ് വിഭാഗത്തിനൊപ്പമാണ്. അതിനാല്‍ തന്നെ ഇന്നത്തെ യോഗം പാര്‍ലമെന്ററി പാര്‍ട്ടി യോഗമാക്കി മാറ്റാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നിയമപരമായി മുന്നോട്ട് പോയാല്‍ വിജയിക്കാന്‍ കഴിയും എന്നതാണ് ഇന്നത്തെ യോഗത്തിലുയര്‍ന്ന പൊതു വികാരം.

ഭരണഘടന പ്രകാരം യോഗം വിളിക്കാനുള്ള അവകാശം പി.ജെ ജോസഫിനാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാല്‍ വിജയം നേടാനാകുമെന്നാണ് യോഗത്തിലുയര്‍ന്ന അഭിപ്രായം. തുടര്‍ന്ന് കൂറുമാറ്റ നിയമപ്രകാരമുള്ള മറ്റ് നടപടികളിലേക്ക് നീങ്ങാനും ജോസഫ് വിഭാഗം ആലോചിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

Top