‘ജോസഫ് രാഷ്ട്രീയത്തിലെത്തിയത് അമ്മാവൻ നൽകിയ സീറ്റിൽ മത്സരിച്ച്’; ജോസ് ടോം

പാലാ : അമ്മാവന്‍ നല്‍കിയ സീറ്റില്‍ മത്സരിച്ച് യാദൃശ്ചികമായാണ് പി ജെ ജോസഫ് രാഷ്ട്രീയത്തിലെത്തിയതെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം. കെ.എം.മാണിയോട് ജോസഫിനേക്കാള്‍ അടുപ്പവും സ്‌നേഹവും തനിക്കുണ്ട്. മാണിയെ വേദനിപ്പിച്ചത് ജോസഫാണെന്നും ജോസ് ടോം പറഞ്ഞു.

1969ല്‍ രാഷ്ട്രീയം തുടങ്ങിയ ആളാണ് താന്‍. ജോസഫ് 1970ലാണ് രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം അറിയിച്ചു.

ചിഹ്നം നല്‍കാമെന്ന് ജോസഫ് യു.ഡി.എഫില്‍ പറഞ്ഞു. പിന്നെ ചിഹ്നം നല്‍കാത്തത് എന്തുകൊണ്ടാണെന്നറിയില്ല. സാധാരണ ഗതിയില്‍ പാര്‍ട്ടികളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിയ്ക്കുന്നത്. ഇവിടെ അതു പോലും നടന്നില്ല. ചിഹ്നം ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് ചിഹ്നമില്ലെങ്കിലും മത്സരിയ്ക്കാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചിഹ്നത്തിന്റെ പേരില്‍ നടന്ന അഭിപ്രായ പ്രകടനങ്ങള്‍ സാധുക്കളായ ആളുകളെ വേദനിപ്പിച്ചു. ചിഹ്നത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും തിരിച്ചടിയായി. ഇതൊക്കെ നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ജോസ് ടോം വിശദീകരിച്ചു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വഴിയും യു.ഡി.എഫ് വോട്ടുകള്‍ ചോര്‍ന്നു. ബിജെപിയില്‍ നിന്ന് വോട്ടുചോര്‍ന്നു. വോട്ടുകച്ചവടമാണ് നടന്നത്. പ്രാദേശികതലത്തിലാണ് ഇത് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി സി കാപ്പനോട് വോട്ടര്‍മാര്‍ക്ക് സഹതാപവുമുണ്ടായിരുന്നു. കെ.എം.മാണിയ്ക്കുള്ള സ്വീകാര്യത തനിയ്ക്കില്ലായിരുന്നു. താഴേത്തട്ടില്‍ കെ.എം.മാണിയോടുണ്ടായ വികാരമുണ്ടായില്ല. കെ.എം.മാണിയ്ക്ക് രാഷ്ടീയത്തിനപ്പുറം വോട്ടു ചെയ്ത ആളുകള്‍ മറുപക്ഷത്തു പോയെന്നും ജോസ് ടോം വ്യക്തമാക്കി.

Top