ജനസേവ ഭവന്‍ പീഡന പരാതിയില്‍ ജോസ് മാവേലി കുറ്റവിമുക്തന്‍; പരാതി വ്യാജമെന്ന് തെളിഞ്ഞു

ജനസേവ ചെയര്‍മാന്‍ ജോസ് മാവേലിയെ പീഡനക്കേസില്‍ കുടുക്കിയതാണെന്ന് വ്യക്തമായി. ജാമ്യം നിഷേധിക്കാന്‍ കാരണമായി ക്രൈംബ്രാഞ്ച് ചുമത്തിയ പ്രധാന വകുപ്പെല്ലാം കോടതി റദ്ദാക്കി. പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാകട്ടെ, തെളിവൊന്നുമില്ലെന്ന് അന്വേഷണ സംഘം തന്നെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. അതീവ നീചമായ പോലീസ് നടപടികളുടെ പൊള്ളത്തരം രേഖകള്‍ സഹിതം മനോരമ ന്യൂസിലെ സ്പെഷ്യല്‍ കറസ്‌പോണ്ടന്റ് അനില്‍ ഇമ്മാനുവല്‍ ആണ് പുറത്തു കൊണ്ടുവന്നത്.

ജനസേവയില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുപോയ കുട്ടികള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പേരിലായിരുന്നു ആദ്യ കേസ്. ഇതില്‍ ജൂലൈ 20ന് അറസ്റ്റിലായ ജോസ് മാവേലിയെ കോടതിയില്‍ ഹാജരാക്കാന്‍ പോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈആര്‍ റസ്റ്റം വിശദീകരിച്ചു.

മാവേലി ചെയ്ത കുറ്റങ്ങള്‍ രണ്ടാണ്. 1.പോക്‌സോ നിയമം പ്രകാരമുള്ളത്, അതായത് ജനസേവയിലെ രണ്ടു ആണ്കുട്ടികളെ മറ്റൊരു അന്തേവാസി പീഡിപ്പിച്ച വിവരം പോലീസിനെ അറിയിച്ചില്ല. വിവരം താനറിഞ്ഞില്ല എന്ന മാവേലിയുടെ മൊഴി പോലീസ് കണക്കിലെടുത്തില്ല. ഇത് പക്ഷെ ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു. 2.ചൈല്‍ഡ് ട്രാഫിക്കിങ്, അഥവാ കുട്ടിക്കടത്ത്, ഐപിസി 370 പ്രകാരമുള്ള കേസ്. ഇതായിരുന്നു ഏറ്റവും ഗൗരവമുള്ളത്, ഇതിന്റെ പേരിലാണ് ജാമ്യം അനുവദിക്കാതെ കോടതി അന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തത്. എന്നാല്‍ ഈ കുറ്റം നിലനില്‍ക്കില്ല എന്ന് വ്യക്തമായി പറഞ്ഞാണ് കോടതി ഇപ്പോള്‍ ക്രൈംബ്രാഞ്ചിനെ തിരുത്തുന്നത്. രണ്ടുമാസം കൊണ്ട് നടത്തിയ അന്വേഷണം വിലയിരുത്തിയ ശേഷം ജോസ് മാവേലിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.സമാനമായ കുറ്റങ്ങള്‍ ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിന്റെ സ്ഥിതി ഇതിലും പരിതാപകരമാണ്. കുട്ടികളുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയെന്ന, പിഴ ഒടുക്കേണ്ട ഒരൊറ്റ കുറ്റം മാത്രമാണ് ഈ കേസില്‍ ഇനി അവശേഷിക്കുന്നത്. കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചുവെന്ന് ആദ്യം മുതല്‍ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് അറസ്റ്റിന് ശേഷം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മതിയായ രേഖകളില്ലാതെ കുട്ടികളെ കൈമാറിയെന്ന് ആരോപിച്ച് ചുമത്തിയ ഗുരുതര കുറ്റങ്ങള്‍ക്ക് പോലും തെളിവില്ല എന്നുകൂടി ഒടുവില്‍ അന്വേഷണ സംഘത്തിന് കോടതിയെ അറിയിക്കേണ്ടി വന്നു. മാവേലിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദാംശങ്ങള്‍ തേടിയപ്പോള്‍ മറ്റ് വഴിയില്ലാതെ ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു.

കേസിന് ആധാരമായ പരാതി വന്ന വഴി എഫ്‌ഐആറില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എറണാകുളം ജില്ലാ ചെയര്‌പേഴ്‌സണ് പദ്മജ നായര്‍ നല്‍കിയ പരാതി സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറിന്റെ ഓഫീസില്‍ നിന്നാണ് പ്രത്യേക ശുപാര്‍ശയോടെ ക്രൈംബ്രാഞ്ചിലേക്ക് എത്തിയത്. ഇവര്‍ രണ്ടു പേരുടെയും പേരുകള്‍ ആള്‍ക്കാരുടെ പേരാണ് അറസ്റ്റിന് തൊട്ടുപിന്നാലെ ജോസ് മാവേലി വിളിച്ചുപറയുകയും ചെയ്തിരുന്നു.

Top