നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍ ; കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി ഇന്ന്

കോട്ടയം ; കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി ഇന്ന് കോട്ടയത്ത് ചേരും. ഉച്ചയ്ക്ക് രണ്ടിന് പാര്‍ട്ടി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് പി.ജെ. ജോസഫ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ചര്‍ച്ചയാകുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വ്യക്തമാക്കി.

ജോസ് കെ. മാണിയെ അനുകൂലിക്കുന്ന 4 ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 21 പേരെ കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

6 ജില്ലാ പ്രസിഡന്റുമാരും 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഇതില്‍പെടും. കൂടുതല്‍ നേതാക്കളെ വരുംദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്യാനാണു ജോസഫ് വിഭാഗത്തിന്റെ നീക്കം.

ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത, കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണു ജോസ് കെ. മാണി വിഭാഗം നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തത്. യോഗത്തില്‍ പങ്കെടുത്ത നടപടി നിയമവിരുദ്ധമാണെന്നും പി.ജെ.ജോസഫ് തപാലില്‍ അയച്ച കത്തില്‍ പറയുന്നു. ഉന്നതാധികാര സമിതിയില്‍ 97 പേരും സ്റ്റിയറിങ് കമ്മിറ്റിയില്‍ 28 പേരുമാണു നിലവിലുള്ളത്.

Top