സ്മാരകത്തിന് തുക വകയിരുത്തിയതില്‍ സര്‍ക്കാരിന് നന്ദി: ജോസ് .കെ. മാണി എംപി

തിരുവനന്തപുരം സംസ്ഥാന ബജറ്റില്‍ കെഎം മാണി സ്മാരകത്തിന് തുക വകയിരുത്തിയതില്‍ സര്‍ക്കാരിനോടു നന്ദിയുണ്ടെന്ന് ജോസ് കെ. മാണി എംപി. ഇന്നലെ ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കെ എം മാണിയുടെ സ്മാരകം പണിയുന്നതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

സ്മാരകത്തിന് ഫണ്ട് അനുവദിച്ചത് സ്വാഭാവികമാണെന്നും അതില്‍ രാഷട്രീയമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. മരിച്ച നേതാക്കള്‍ക്ക് വേണ്ടി സ്മാരകമൊരുക്കുന്നത് സ്വാഭാവികമാണെന്നും ജോസ് കെ മാണിയെ ലക്ഷ്യം വച്ചുള്ള നീക്കമായൊന്നും അതിനെ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനധനകാര്യവകുപ്പ് കൈകാര്യം ചെയ്ത കെഎം മാണി കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ വ്യക്തി, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിരുന്ന വ്യക്തി തുടങ്ങിയ റെക്കോര്‍ഡുകളും ഇപ്പോഴും അദ്ദേഹത്തിനാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമ വകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്.

അതേസമയം, സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വിലക്കയറ്റത്തിനിടയാക്കുമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സമരപരിപാടികള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച കെപിസിസി യോഗം ചേരുമെന്നും ചെന്നിത്തല പറഞ്ഞു.

Top