ജോസ് കെ മാണിയെ പുകച്ച് ചാടിച്ചത് ധനകാര്യ സ്ഥാപന ഉടമയുടെ ഇടപെടലിൽ ?

കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തെ പുകച്ച് പുറത്ത് ചാടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതില്‍ പ്രമുഖ ധനകാര്യ സ്ഥാപന ഉടമക്കും പങ്ക്.

മുന്‍പ് കെ.എം മണിയുടെ വിശ്വസ്തനായ ഇദ്ദേഹത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് പിന്നിലും കെ.എം മാണിയാണെന്നാണ് പറയപ്പെടുന്നത്.

മാണിയുടെ മരണത്തോടെ, ‘കണക്കുകള്‍’ ബോധ്യപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ജോസഫ് പക്ഷത്തേക്ക് ഇയാള്‍ കുട് മാറുകയായിരുന്നു.

ഇപ്പോഴത്തെ ഇദ്ദേഹത്തിന്റെ ലക്ഷ്യം കോതമംഗലം സീറ്റാണ്.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ അടക്കമുള്ള നേതാക്കള്‍ ഇയാളുടെ സ്വാധീനത്തില്‍പ്പെട്ടതായാണ് ആക്ഷേപം. യു.ഡി.എഫില്‍ നിന്നു തന്നെയാണ് ഇത്തരത്തിലുള്ള ഒരാക്ഷേപം പുറത്ത് വന്നിരിക്കുന്നത്.

ജോസഫ് വിഭാഗത്തിനൊപ്പം ഉറച്ച് നില്‍ക്കുന്ന ധനകാര്യ സ്ഥാപന ഉടമ ലക്ഷ്യമിടുന്നത് നിയമസഭയിലേക്കുള്ള എന്‍ട്രിയാണ്. കോതമംഗലം സീറ്റാണ് ഉന്നം. കഴിഞ്ഞ തവണ ടി. യു കുരുവിള മത്സരിച്ച ഈ മണ്ഡലം ഡി.വൈ.എഫ്.ഐ നേതാവ് ആന്റണി ജോണിലൂടെ സി.പി.എം പിടിച്ചെടുക്കുകയായിരുന്നു.യു.ഡി.എഫിന്റെ ഈ ഉറച്ച കോട്ടയിലെ ഇടതുപക്ഷത്തിന്റെ അട്ടിമറി വിജയം രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരുന്നു.

കേരള കോണ്‍ഗ്രസ്സിനായി യു.ഡി.എഫ് നീക്കിവച്ച ഈ സീറ്റില്‍ മത്സരിച്ച ടി.യു കുരുവിളയാണ് ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയിരുന്നത്. ഇത്തവണ ഈ സീറ്റ് താന്‍ മത്സരിച്ചാല്‍ ജയിക്കുമെന്നാണ് ധനകാര്യ സ്ഥാപന ഉടമ അവകാശപ്പെടുന്നത്. ഇതിനായി വന്‍ തുക മുടക്കിയുള്ള ജനകീയ ഇടപെടലുകളാണ് നിലവില്‍ ഇദ്ദേഹം മണ്ഡലത്തില്‍ നടത്തിവരുന്നത്.

പി.ജെ ജോസഫ് യു.ഡി.എഫിന് പുറത്തായാല്‍ മുടക്കിയ കോടികള്‍ വെള്ളത്തിലാകുമെന്ന ഭയവും ധനകാര്യ സ്ഥാപന ഉടമക്കുണ്ടായിരുന്നു. ഇടതുപക്ഷത്തേക്ക് ജോസഫ് പോയാല്‍ സി.പി.എം ഒരിക്കലും കോതമംഗലം സീറ്റ് വിട്ട് നല്‍കില്ലന്നും ഇയാള്‍ വിശ്വസിച്ചു.അതു കൊണ്ട് തന്നെ, യു.ഡി.എഫില്‍ ജോസഫിനെ നിര്‍ത്തേണ്ടത് ജോസഫിനേക്കാള്‍, ധനകാര്യ സ്ഥാപന ഉടമക്കായിരുന്നു അനിവാര്യമായിരുന്നത്.

ജോസഫ് വിഭാഗത്തിന് എതിരായ നിലപാട് സി.പി.എം സ്വീകരിച്ചതോടെ ഈ ഭീഷണിയാണ് ഒഴിവായത്.

പിന്നെ അടുത്ത ലക്ഷ്യം ജോസ് കെ മാണിയെ പുറത്താക്കലായിരുന്നു. രണ്ട് വിഭാഗം കേരള കോണ്‍ഗ്രസ്സുകള്‍ യു.ഡി.എഫില്‍ തുടര്‍ന്നാല്‍ കോതമംഗലം സീറ്റ് തെറിക്കുമെന്ന ഭയമായിരുന്നു ഈ നീക്കത്തിനും പിന്നില്‍.

ഇതിനായി ബെന്നി ബഹന്നാന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ധനകാര്യ സ്ഥാപന ഉടമ സമീപിച്ചത്.

പിന്നീട് കോണ്‍ഗ്രസ്സിലെ എ – ഐ ഗ്രൂപ്പുകളിലെ പ്രമുഖരെയും സ്വാധീനിക്കുകയുണ്ടായി. യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളെ ഒതുക്കുവാനും തന്ത്രപരമായ ഇടപെടലുകളുണ്ടായി.

ഇതിന്റെ തുടര്‍ച്ചയായാണ് ജോസ് കെ മാണി വിഭാഗം പുറത്തായിരിക്കുന്നത്.

പണത്തിന് മീതെ പരുന്ത് മാത്രമല്ല, യു.ഡി.എഫ് നേതാക്കളും പറക്കില്ലന്നതിന്റെ സൂചനയായാണ്, ഈ പുറത്താക്കലിനെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

കേവലം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമല്ല പുറത്താക്കലിന് പിന്നിലെന്ന് വ്യക്തം. ഇതൊരു കാരണമാക്കി ജോസ് കെ മാണി വിഭാഗത്തെ തഴയുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ വിജയിച്ചത് ധനകാര്യ സ്ഥാപന ഉടമയുടെ ബുദ്ധിയാണ്.

വൈകിയെങ്കിലും ഈ ‘കുബുദ്ധി’ തിരിച്ചറിഞ്ഞ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ രോഷാകുലരാണ്.

പിണറായി സര്‍ക്കാറിന് രണ്ടാമൂഴം ഉറപ്പിക്കുന്ന നടപടിയായി പോയി ഇതെന്നാണ് ഇവരുടെ വിലയിരുത്തല്‍.

അതേ സമയം, ഇടതുപക്ഷത്തേക്ക് ജോസ് കെ മാണി വിഭാഗം നീങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും യു.ഡി.എഫ് ക്യാംപുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജോസ്. കെ മാണി വിഭാഗം യു.ഡി.എഫ്. വിട്ടത് കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ,ആലപ്പുഴ ജില്ലകളില്‍ യു.ഡി.എഫിന് വലിയ തിരിച്ചടിയാകാനാണ് സാധ്യത.

ഇപ്പോള്‍ പുറത്താക്കലിലൂടെ, ജോസ്.കെ മാണി വിഭാഗത്തിന് ലഭിച്ച രക്തസാക്ഷി പരിവേഷവും, യു.ഡി.എഫിനെയാണ് ശരിക്കും ഉലക്കുന്നത്.

ക്രൈസ്തവ സഭാ നേതൃത്വങ്ങളും കോണ്‍ഗ്രസ്സിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ജോസ്.കെ മാണി വിഭാഗത്തെ പുറത്താക്കിയത് ശരിയായില്ലന്ന നിലപാടാണ് സഭാ നേതൃത്വത്തിനുള്ളത്. ഇക്കാര്യം കോണ്‍ഗ്രസ്സ് ഉന്നത നേതാക്കളെയും സഭ അറിയിച്ചിട്ടുണ്ട്.ഇതോടെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബെന്നി ബഹന്നാനുമെല്ലാം അനുനയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇനി ഒരു മടക്കം യു.ഡി.എഫിലേക്ക് ഇല്ലന്നതാണ് ജോസ്.കെ മാണി വിഭാഗത്തിന്റെ നിലപാട്.
അപമാനിച്ച് പുറത്ത് വിട്ടതിന് കനത്ത തിരിച്ചടി യു.ഡി.എഫിന് നല്‍കണമെന്നതാണ് അണികള്‍ക്കിടയിലെ വികാരം.

തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ യു.ഡി.എഫിന്റെ കഷ്ടകാലം തുടങ്ങുമെന്നാണ് ജോസ്.കെ മാണി വിഭാഗവും തുറന്നടിക്കുന്നത്.

2021- ലും യു.ഡി.എഫിന് അധികാരത്തിൽ വരാൻ കഴിഞ്ഞില്ലങ്കിൽ യു.ഡി.എഫ് സംവിധാനം തന്നെയാണ് തകരുക. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ്സിൽ മാത്രമല്ല, മുസ്ലീംലീഗിലും പിളർപ്പ് ഉറപ്പാണ്.

രാഹുൽ ‘എഫക്ടിൽ’ ലോകസഭ തിരഞ്ഞെടുപ്പിൽ നേടിയ മുൻതൂക്കമെല്ലാം യു.ഡി.എഫിന് നഷ്ടമായി കഴിഞ്ഞു. രാഹുൽ തന്നെ ഇപ്പോൾ ഒരു കോമഡി ‘പീസായും’ മാറിക്കഴിഞ്ഞു.ദേശീയ രാഷ്ട്രിയത്തിൽ പരിഹാസ കഥാപാത്രമായാണ് രാഹുലിൻ്റെ ഇപ്പോഴത്തെ റോൾ. അനവസരത്തിലുള്ള പ്രസ്താവനകളാണ് രാഹുലിന് തിരിച്ചടിയായിരിക്കുന്നത്.പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ വിട്ട് ഒളിച്ചോടിയ നേതാവെന്ന പേര് ദോഷവും ഇപ്പോൾ രാഹുൽ ഗാന്ധിക്കുണ്ട്.

വിവിധ സംസ്ഥാനങ്ങളെ കോൺഗ്രസ്സ് നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുലിനേക്കാൾ, ഇപ്പോൾ ആഗ്രഹിക്കുന്നത് പ്രിയങ്കയെയാണ്.

ബീഹാർ, ബംഗാൾ, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലേക്കാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഇതിൽ കേരളമാണ് ഭരണം പിടിക്കുമെന്ന് കോൺഗ്രസ്സ് അവകാശപ്പെടുന്ന ഏക സംസ്ഥാനം. ആ പ്രതീക്ഷക്ക് മേലാണ് ഇപ്പോൾ കരിനിഴൽ പടർന്നിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിൽ നേടിയ മേധാവിത്വം വലിയ ആത്മവിശ്വാസമാണ് ഇടതുപക്ഷ ക്യാംപിൽ ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിലെ, സർക്കാർ ഇടപെടലുകളും ജനപ്രിയ പദ്ധതികളും, ചുവപ്പ് ക്യാംപിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്.

ഇതിനിടെയാണ് ഇപ്പോൾ ജോസ്.കെ മാണി വിഭാഗവും യു.ഡി.എഫിന് പുറത്തായിരിക്കുന്നത്.ബഹു ഭൂരിപക്ഷം സീറ്റുകളും തൂത്ത് വാരാൻ ഈ സാഹചര്യം ഇടതുപക്ഷത്തിനാണ് ഇനി ഗുണം ചെയ്യുക.

ഒരു ധനകാര്യ സ്ഥാപന ഉടമയുടെ വലയിൽ കുടുങ്ങിയ യു.ഡി.എഫ് നേതാക്കൾ, മുന്നണിയുടെ കഴിയാണിപ്പോൾ സ്വയം തോണ്ടിയിരിക്കുന്നത്. വിനാശകാലേ വിപരീത ബുദ്ധി എന്ന്, ഇതിനെയൊക്കെയാണ് വിശേഷിപ്പിക്കേണ്ടത്.

Top