ജോസ് കെ മാണിയുടെ രാജി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ അംഗത്വം രാജിവച്ച ജോസ് കെ മാണിയുടെ രാജി രാജ്യസഭ ഉപാദ്ധ്യക്ഷന്‍ സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചത്. ഈ മാസം 9 നാണ് ജോസ് കെ മാണി രാജിക്കത്ത് നല്‍കിയിരുന്നത്.

ഇപ്പോള്‍ ഒഴിവില്‍ വന്നിരിക്കുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ മത്സരിക്കാനായി സ്റ്റീഫന്‍ ജോര്‍ജ്, പി കെ സജീവ്, പി ടി ജോസ് എന്നീ മുതിര്‍ന്ന നേതാക്കളുടെ പേരുകളാണ് പരിഗണിക്കുന്നത്. ഗുജറാത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം ഈ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

കേരളാ കോണ്‍ഗ്രസ് എം പിളര്‍ത്തി ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ നിലവില്‍ പാലാ എംഎല്‍എയായ മാണി സി കാപ്പനും പാര്‍ട്ടിയായ എന്‍സിപിയും എല്‍ഡിഎഫ് വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ എന്‍സിപി പോകുന്നെങ്കില്‍ പോകട്ടെയെന്നാണ് സിപിഎം നിലപാടെന്ന് ഉറപ്പായതോടെയാണ് ജോസ് കെ മാണി എംപി സ്ഥാനം രാജിവച്ച് നിയമസഭയില്‍ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.

ജോസ് വിഭാഗത്തെ കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ്. ഇതില്‍ രാജ്യസഭാംഗത്വവും നിര്‍ണായകമായിരുന്നു. നിലവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് നിയമോപദേശം തേടിയത്. കേരള കോണ്‍ഗ്രസിന് തന്നെ അടുത്ത രാജ്യസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന സാഹചര്യവും രാജിക്ക് ബലം നല്‍കി. യുഡിഎഫിലായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാംഗത്വം തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാജി വെക്കുന്നതാണ് ഉചിതമെന്ന് സിപിഎം ജോസ് കെ മാണിയോട് അഭിപ്രായപ്പെട്ടിരുന്നു.

Top